Disclosing company secrets : കമ്പനി രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ ബഹ്റൈനില്‍ മൂന്ന് പേര്‍ക്ക് ശിക്ഷ വിധിച്ചു

By Web TeamFirst Published Jan 13, 2022, 11:21 AM IST
Highlights

സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള കമ്പനിയില്‍ മാനേജരായി ജോലി ചെയ്‍തിരുന്ന 45 വയസുകാരനായ ബഹ്റൈന്‍ സ്വദേശി സഹപ്രവര്‍ത്തകനുമായി ചേര്‍ന്ന് ഒരു സ്വകാര്യ കമ്പനിക്ക് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തി.

മനാമ: ബഹ്റൈനില്‍ (Bahrain) സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയുടെ (State owned company) രഹസ്യങ്ങള്‍ ഒരു സ്വകാര്യ സ്ഥാപനത്തിന് ചോര്‍ത്തിക്കൊടുത്ത (disclosing secrets)  സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ശിക്ഷ. ഒരു അമേരിക്കന്‍ പൗരനും രണ്ട് ബഹ്റൈന്‍ സ്വദേശികളും മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണമെന്നാണ് ഹൈ ക്രിമിനല്‍ കോടതി (Bahrain high criminal court) കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിന്യായത്തില്‍ പറയുന്നത്. അമേരിക്കന്‍ പൗരന്റെ അസാന്നിദ്ധ്യത്തിലാണ് വിധി പ്രസ്‍താവിച്ചത്.

സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള കമ്പനിയില്‍ മാനേജരായി ജോലി ചെയ്‍തിരുന്ന 45 വയസുകാരനായ ബഹ്റൈന്‍ സ്വദേശിയും 67 കാരനായ തന്റെ സഹപ്രവര്‍ത്തകനായ അമേരിക്കന്‍ പൗരനുമായി ചേര്‍ന്നാണ് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി മറ്റൊരു ബഹ്റൈന്‍ പൗരന് നല്‍കിയത്. ഇയാളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ സ്ഥാപനവുമായി ചില കരാറുകളുണ്ടായിരുന്നു. അവിഹിതമായി നേട്ടമുണ്ടാക്കാന്‍ വേണ്ടി സര്‍ക്കാര്‍ കമ്പനിയുടെ രഹസ്യങ്ങള്‍ സ്വകാര്യ സ്ഥാപനത്തിന് ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തിയത്.

കേസില്‍ അമേരിക്കന്‍ പൗരനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ അയാളുടെ അസാന്നിദ്ധ്യത്തിലാണ് വിധി പറഞ്ഞത്. ഇയാള്‍ അറസ്റ്റിലായാല്‍ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം തങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിക്കുപ്പെടുന്ന വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നവ തന്നെയായിരുന്നുവെന്ന് പ്രതികള്‍ വാദിച്ചു. എന്നാല്‍ മൂവരും കുറ്റക്കാരാണെന്നതിന് ആവശ്യമായ തെളിവുകളുണ്ടെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

സര്‍ക്കാര്‍ രഹസ്യങ്ങള്‍ സ്വകാര്യ കമ്പനിക്കായി ചോര്‍ത്തിയെന്ന പരാതി  രാജ്യത്തെ അഴിമതി വിരുദ്ധ ഡയറക്ടറേറ്റാണ് ആദ്യം അന്വേഷിച്ചത്. പിന്നീട് തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. 2014 മുതല്‍ സ്ഥാപനത്തില്‍ ജോലി ചെയ്‍തുവന്നിരുന്ന മാനേജരുടെ കൈവശം കമ്പനിയുടെ സുപ്രധാന വിവരങ്ങളുണ്ടായിരുന്നുവെന്നും ഇത് ഇയാള്‍ സ്വകാര്യ നേട്ടത്തിനായി ദുരുപയോഗം ചെയ്‍തുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ മൊഴി നല്‍കി.

click me!