സൗദി അറേബ്യയില്‍ നിന്ന് ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്ത്; പിടിയിലായ യുവാക്കള്‍ക്കെതിരെ നടപടി തുടങ്ങി

By Web TeamFirst Published Aug 1, 2021, 2:24 PM IST
Highlights

30 വയസുകാരന്‍ ഓടിച്ചിരുന്ന വാഹനം കിങ് ഫഹദ് കോസ്‍വേയില്‍ ഉദ്യോഗസ്ഥര്‍ പൊലീസ് നായയെ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ മയക്കുമരുന്ന് ഒളിപ്പിച്ചതായി സംശയം തോന്നുകയായിരുന്നു.

മനാമ: സൗദി അറേബ്യയില്‍ നിന്ന് ബഹ്റൈനിലേക്ക് കിങ് ഫഹദ് കോസ്‍വേ വഴി മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്കെതിരെ ബഹ്റൈനില്‍ നടപടി തുടങ്ങി. 30 വയസുകാരനായ ഒരു ബഹ്റൈന്‍ സ്വദേശിയും 21നും 40നും വയസ് പ്രായമുള്ള സൗദി സ്വദേശികളുമാണ് വിചാരണ നേരിടുന്നത്. അശ്ലീല ദൃശ്യങ്ങള്‍ കൈവശം വെച്ചതിനും ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

കേസിലെ പ്രതിയായ 40 വയസുകാരന്റെ അസാന്നിദ്ധ്യത്തിലാണ് നടപടികള്‍ തുടങ്ങിയത്. മറ്റ് രണ്ട് പ്രതികളും കസ്റ്റഡിയിലുണ്ട്. മേയ് 11നാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. 30 വയസുകാരന്‍ ഓടിച്ചിരുന്ന വാഹനം കിങ് ഫഹദ് കോസ്‍വേയില്‍ ഉദ്യോഗസ്ഥര്‍ പൊലീസ് നായയെ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ മയക്കുമരുന്ന് ഒളിപ്പിച്ചതായി സംശയം തോന്നുകയായിരുന്നു.

വിശദ പരിശോധന നടത്തിയപ്പോള്‍ സ്‍പീഡോമീറ്ററിന് പിന്നിലായി മയക്കുമരുന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ കോഫി ബാഗിനുള്ളിലും മയക്കുമരുന്ന് ഉണ്ടെന്ന് കണ്ടെത്തി. പൊലീസ് നായകളുടെ പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ പെപ്പര്‍ സ്‍പ്രേയും ഇതിന് നിറച്ചിരുന്നു. ആകെ 4781 ഗ്രാം മയക്കുമരുന്ന് വാഹനത്തില്‍ നിന്ന് കണ്ടെടുത്തു. വാഹനം ഓടിച്ചിരുന്ന യുവാവ് ചോദ്യം ചെയ്യലില്‍ കുറ്റം നിഷേധിച്ചു. സൗദി അറേബ്യയില്‍ വെച്ച് തന്റെ വാഹനം മറ്റൊരാള്‍ വാങ്ങിയിരുന്നെന്നും അയാളായിരിക്കാം മയക്കുമരുന്ന് ഒളിപ്പിച്ചതെന്നുമാണ് ഇയാള്‍ പറഞ്ഞത്.

താന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന ഹോട്ടലില്‍ തന്നെ ജോലി ചെയ്യുന്ന ഒരു സൗദി സ്വദേശിയെ കാണാനാണ് പോയതെന്നും വൈകല്യമുള്ള തന്റെ മകനെ ചികിത്സിക്കാനായി 1500 ദിനാര്‍ അയാളോട് കടം ചോദിച്ചെന്നും യുവാവ് പറഞ്ഞു. എന്നാല്‍ ഒരു സഹായം ചെയ്‍താല്‍ ഇരട്ടി തുക നല്‍കാമെന്നായിരുന്നു ഇയാളുടെ മറുപടി. തുടര്‍ന്ന് വാഹനം മറ്റൊരിടത്തേക്ക് കൊണ്ടുപോവുകയും മയക്കുമരുന്ന് ഒളിപ്പിക്കുകയുമായിരുന്നു. ബഹ്റൈനിലെത്തിയാല്‍ തന്നെ വിളിക്കണമെന്നും അപ്പോള്‍ 3000 ദിനാര്‍ നല്‍കാമെന്നും ഇയാള്‍ പറഞ്ഞിരുന്നു.

കോസ്‍വേയിലെ പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തിയതോടെ താന്‍ നിരപരാധിയാണെന്നും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ താന്‍ സഹായിക്കാമെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ശിക്ഷയില്‍ ഇളവ് പ്രതീക്ഷിച്ചാണ് ഇയാള്‍ അതിന് തയ്യാറായത്. ഇതനുസരിച്ച് യുവാവിനെ ഉദ്യോഗസ്ഥര്‍ ബഹ്റൈനിലെ ജുഫൈറില്‍ നേരത്തെ നിശ്ചയിച്ച സ്ഥലത്ത് എത്തിച്ച ശേഷം മയക്കുമരുന്നിന്റെ ഉടമയെ വിവരം അറിയിക്കാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് മയക്കുമരുന്ന് ഏറ്റുവാങ്ങാനെത്തിയ ആളെയും പൊലീസ് അറസ്റ്റ് ചെയ്‍തു. തന്റെ മകന്റെ ചികിത്സക്കായുള്ള പണം കിട്ടാന്‍ വേണ്ടി മാത്രമാണ് താനിത് ചെയ്‍തതെന്നും മയക്കുമരുന്ന് വാഹനത്തിലുണ്ടെന്ന് അറിയില്ലായിരുന്നുവെന്നുമാണ് ഇയാള്‍ കോടതിയിലും പറഞ്ഞത്.

പ്രാഥമിക വിചാരണയ്‍ക്ക് ശേഷം കേസ് ഓഗസ്റ്റ് അഞ്ചിലേക്ക് മാറ്റിവെച്ചു. കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സൗദിയിലുള്ള പ്രതിക്ക് സമന്‍സ് അയച്ചിട്ടുണ്ട്. 

click me!