കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് വധശിക്ഷ

Published : Nov 02, 2026, 05:42 PM IST
court

Synopsis

കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് വധശിക്ഷ. ആദ്യ കേസിൽ മയക്കുമരുന്ന് കൈവശംവെക്കൽ, വിൽപ്പന, ഉപയോഗം എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് രണ്ട് ലെബനൻ സ്വദേശികൾക്ക് വധശിക്ഷ വിധിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കടത്തും വിൽപ്പനയുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത കേസുകളിലായി ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് വധശിക്ഷ വിധിച്ചു. രണ്ട് ലെബനൻ സ്വദേശികൾക്കും ഒരു ഇന്ത്യൻ പൗരനുമാണ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചത്.

ആദ്യ കേസിൽ മയക്കുമരുന്ന് കൈവശംവെക്കൽ, വിൽപ്പന, ഉപയോഗം എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് രണ്ട് ലെബനൻ സ്വദേശികൾക്ക് വധശിക്ഷ വിധിച്ചത്. മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് കിലോഗ്രാം മരിജുവാന, 400 ഗ്രാം ഹാഷിഷ്, അരക്കിലോഗ്രാം കെമിക്കൽ മയക്കുമരുന്ന്, 6,000 ലിറിക്ക ഗുളികകൾ, മൂന്ന് ഇലക്ട്രോണിക് തൂക്കയന്ത്രങ്ങൾ, മയക്കുമരുന്ന് പാക്ക് ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക് കവറുകൾ എന്നിവ പിടിച്ചെടുത്തിരുന്നു.

മറ്റൊരു കേസിൽ വിദേശത്തുനിന്ന് കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഇന്ത്യൻ പൗരനാണ് വധശിക്ഷ ലഭിച്ചത്. ലഹരിവസ്തുക്കൾ കലർത്തിയ 100 എ4 പേപ്പറുകൾ ഷൂസ് അടങ്ങിയ കാർട്ടൺ ബോക്സിനുള്ളിൽ ഒളിപ്പിച്ച് അന്താരാഷ്ട്ര കൊറിയർ വഴി കുവൈത്തിലേക്ക് എത്തിക്കാനായിരുന്നു ശ്രമം. കസ്റ്റംസ് അധികൃതരും മയക്കുമരുന്ന് വിരുദ്ധ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കടത്തുശ്രമം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്ത്യൻ പൗരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മൂന്ന് പ്രതികൾക്കും വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും നിയമപ്രകാരമുള്ള അപ്പീൽ നടപടികൾക്ക് വിധേയമായിരിക്കും കോടതി ഉത്തരവ്. കുവൈത്തിൽ മയക്കുമരുന്ന് കടത്തും വിതരണവും തടയുന്നതിനായി സുരക്ഷാ വിഭാഗങ്ങൾ പരിശോധനകളും അന്വേഷണങ്ങളും ശക്തമാക്കുന്നതിനിടെയാണ് മൂന്ന് വിദേശികൾക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പഴങ്ങളും പച്ചക്കറികളും കൂടുതൽ ഉൾപ്പെടുത്തി യൂണിയൻ കോപ് ശാഖകൾ
കുവൈത്തിൽ ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ അനധികൃതമായി വിൽപ്പന നടത്തിയ പ്രവാസി യുവതി പിടിയിൽ