
റിയാദ്: ലൈസൻസില്ലാതെയും മാനദണ്ഡങ്ങൾ ലംഘിച്ചും ടാങ്കറുകളിൽ വെള്ളം നിറയ്ക്കാൻ പ്രവർത്തിച്ച മൂന്ന് വാട്ടർ ഫില്ലിങ് സ്റ്റേഷനുകൾക്ക് തലസ്ഥാന നഗരിയിൽ അധികൃതർ താഴിട്ടു. ജലവിതരണ മേഖലയിൽ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി നടത്തിയ വിപുലമായ പരിശോധനയിൽ ആകെ 490 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
സൗദി വാട്ടർ അതോറിറ്റി, ട്രാഫിക് ജനറൽ ഡയറക്ടറേറ്റ്, ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി എന്നിവ സംയുക്തമായാണ് പരിശോധന സംഘടിപ്പിച്ചത്. റമാൽ, നർഗീസ്, തുവൈഖ്, മൻഫൂഅ, യമാമ, ആരിദ് തുടങ്ങിയ പ്രദേശങ്ങളിലെ ഫില്ലിങ് സ്റ്റേഷനുകളിലും ടാങ്കറുകളിലുമായിരുന്നു പരിശോധന.
സൗദി വാട്ടർ അതോറിറ്റിയുടെ ലൈസൻസില്ലാതെ സർവീസ് നടത്തിയ 275 ടാങ്കറുകൾക്കെതിരെ നടപടിയെടുത്തു. കൂടാതെ ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പരിധിയിൽ വരുന്ന 217 ലംഘനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കുമെതിരെ ബന്ധപ്പെട്ട വകുപ്പുകൾ നിയമനടപടികൾ സ്വീകരിച്ചു.
ഉപഭോക്താക്കൾക്ക് ലഭിക്കുന്ന വെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്താനും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനുമായി വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ജലസേവന മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളും വ്യക്തികളും ആവശ്യമായ ലൈസൻസുകൾ സ്വന്തമാക്കണമെന്നും സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam