മസാജിനായി ചെന്ന ഐ.ടി വിദഗ്ധനെ മൂന്ന് സ്‍ത്രീകള്‍ ചേര്‍ന്ന് ദിവസം മുഴുവന്‍ ഉപദ്രവിച്ച് വന്‍തുക തട്ടി

By Web TeamFirst Published Oct 28, 2021, 2:51 PM IST
Highlights

2020 നവംബറിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. മസാജ് സെന്ററിന്റെ ഉടമയെ ബന്ധപ്പെട്ട ശേഷമാണ് പരാതിക്കാരന്‍ ഉടമ പറഞ്ഞ അപ്പാര്‍ട്ട്മെന്റിലെത്തിയത്. 

ദുബൈ: മസാജിനായി വിളിച്ചുവരുത്തിയയാളെ ഉപദ്രവിച്ച് പണം തട്ടിയ സംഭവത്തില്‍ മൂന്ന് സ്‍ത്രീകള്‍ക്ക് ശിക്ഷ വിധിച്ചു. ദുബൈയിലെ ഒരു ഐ.ടി വിദഗ്ധനെയാണ് സംഘം ഉപദ്രവിച്ചത്. മൂന്ന് പേര്‍ക്കും മൂന്ന് വര്‍ഷം വീതം ജയില്‍ ശിക്ഷയും 2,84,000 ദിര്‍ഹം പിഴയും കോടതി വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്തും. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരു സ്‍ത്രീയെ കുറ്റക്കാരിയല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.

2020 നവംബറിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. മസാജ് സെന്ററിന്റെ ഉടമയെ ബന്ധപ്പെട്ട ശേഷമാണ് പരാതിക്കാരന്‍ ഉടമ പറഞ്ഞ അപ്പാര്‍ട്ട്മെന്റിലെത്തിയത്. എന്നാല്‍ അവിടെ അപ്പോള്‍ നാല് സ്‍ത്രീകളാണുണ്ടായിരുന്നത്. അകത്ത് കടന്നയുടനെ കൈവശം എത്ര പണമുണ്ടെന്ന് അന്വേഷിച്ചു. 200 ദിര്‍ഹമാണ് ഉള്ളതെന്ന് അറിയിച്ചതോടെ സംഘത്തിലെ ഒരു സ്‍ത്രീ പഴ്‍സും മൊബൈല്‍ ഫോണും കൈക്കലാക്കിയ ശേഷം ഫോണിന്റെ പാസ്‍കോഡ് ചോദിച്ചു.

ഫോണ്‍ തുറന്നുകൊടുക്കാന്‍ വിസമ്മതിച്ചതോടെ സ്‍ത്രീകളിലൊരാള്‍ മര്‍ദനം തുടങ്ങി. അടിക്കുകയും ഭീഷണിപ്പെടുക്കുകയും ചെയ്‍തു. മറ്റൊരു സ്‍ത്രീ കഴുത്തില്‍ കത്തിവെച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്യിച്ചു. ശേഷം മൊബൈല്‍ ബാങ്കിങ് ആപ് തുറന്ന് 25,000 ദിര്‍ഹം പല അക്കൌണ്ടുകളിലേക്ക് ട്രാന്‍സ്‍ഫര്‍ ചെയ്‍തു. പഴ്‍സിലുണ്ടായിരുന്ന എ.ടി.എം കാര്‍ഡ് കൈക്കലാക്കിയ ഒരു സ്‍ത്രീ അതുമായി പുറത്തുപോയി 30,000 ദിര്‍ഹം പിന്‍വലിച്ചു. അക്കൌണ്ടില്‍ ആ സമയത്ത് 4,39,000 ദിര്‍ഹമുണ്ടായിരുന്നു. ഒരു ദിവസം കഴിഞ്ഞാണ് ഇയാളെ സംഘം വിട്ടയച്ചത്. പുറത്തിറങ്ങിയ ഉടന്‍ തന്നെ പൊലീസിനെയും ബാങ്കിനെയും വിവരമറിയിച്ചു. പരാതി ലഭിച്ചതനുസരിച്ച് അന്വേഷണം നടത്തിയ പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. പരാതിക്കാരന്‍ സ്‍ത്രീകളെ തിരിച്ചറിയുകയും ചെയ്‍തു. 

click me!