Asianet News MalayalamAsianet News Malayalam

തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ അറസ്റ്റില്‍; പുറത്തിറക്കാൻ തിരക്കിട്ട നീക്കം

കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് ബി‍ഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപള്ളിയെ അറസ്റ്റ് ചെയ്തത്. പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്‍റെ വണ്ടിചെക്ക് കേസില്‍ അറസ്റ്റിലായ തുഷാര്‍ ഇപ്പോള്‍ അജ്മാന്‍ ജയിലിലാണ്. 

Thushar Vellapally arrested in ajman efforts underway to release him
Author
Ajman - United Arab Emirates, First Published Aug 22, 2019, 6:34 AM IST

അജ്മാൻ: അജ്മാനിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇന്നലെയാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനിൽ വച്ച് അറസ്റ്റിലായത്. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിലാണ് അറസ്റ്റ്. യുഎഇ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്‍റെ വണ്ടിചെക്ക് കേസില്‍ അറസ്റ്റിലായ തുഷാര്‍ ഇപ്പോള്‍ അജ്മാന്‍ ജയിലിലാണ്.

ഏത് വിധേനയെങ്കിലും തുഷാറിനെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കൾ. വ്യാഴാഴ്ചയായതിനാൽ ഇന്ന് പുറത്തിറക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ പൊതു അവധിയായതിനാൽ രണ്ട് ദിവസം കൂടി തുഷാർ ജയിലിൽ കിടക്കേണ്ടി വരും. വ്യവസായി എം എ യൂസഫലിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെ സഹായവും തുഷാറിന്‍റെ കുടുംബം തേടുന്നുണ്ട്. 

കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് ബി‍ഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപള്ളിയെ അറസ്റ്റ് ചെയ്തത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിർമ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് പോലീസ് നടപടി. 

പത്ത് മില്യണ്‍ യുഎഇ ദിര്‍ഹത്തിന്‍റെ (പത്തൊമ്പതര കോടി രൂപ)യുടേതാണ് ചെക്ക്. ബിസിനസ് പൊളിഞ്ഞ് നാട്ടിലേക്ക് കടന്ന
തുഷാര്‍ വെള്ളാപ്പള്ളി പിന്നീട് രാഷ്ട്രീയരംഗത്ത് സജീവമായി. ഇതിനിടെ പലതവണ നാസില്‍ അബ്ദുള്ളയ്ക്ക് കാശ് കൊടുത്തുതീര്‍ക്കാമെന്നേറ്റെങ്കിലും സ്വാധീനം ഉപയോഗിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു.

ഒടുവില്‍ സ്വദേശിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിനു തയ്യാറാണെന്ന് അറിയിച്ച് തുഷാറിനെ നാസില്‍ ഗള്‍ഫിലേക്ക് ക്ഷണിച്ചു. ഇതുപ്രകാരം ചൊവ്വാഴ്ച രാത്രി അജ്മാനിലെത്തിയ തുഷാറിനെ താമസസ്ഥലത്ത് വച്ച് നാസിലിന്‍റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം പത്തുവര്‍ഷം മുമ്പ് നല്‍കിയ ചെക്കിന് ഇപ്പോള്‍ സാധുത ഇല്ലെന്നാണ് തുഷാറിന്‍റെ വാദം. ഇത് നിലനിൽക്കാൻ സാധ്യത കുറവാണ്. 

Follow Us:
Download App:
  • android
  • ios