
റിയാദ്: അർജൻറീനയും ബ്രസീലും തമ്മിലുള്ള ഫുട്ബാൾ മത്സരം വെള്ളിയാഴ്ച റിയാദിൽ നടക്കും. ഓൺലൈനിൽ ടിക്കറ്റ് വിൽപന ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞു. കളി നടക്കുന്ന റിയാദ് കിങ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ 25000 ഇരിപ്പിടങ്ങളിലേക്കുള്ള ടിക്കറ്റുകളിൽ ഇനി അവശേഷിക്കുന്നത് ഏതാനും ഫാമിലി ടിക്കറ്റുകൾ മാത്രമാണ്.
സ്ത്രീകൾക്കും ഗാലറിയിലെത്തി കളികാണാൻ കഴിഞ്ഞവർഷം അനുമതി ലഭിച്ചതിന് ശേഷം കുടുംബങ്ങളും വൻതോതിൽ ഫുട്ബാൾ മത്സരങ്ങൾ വീക്ഷിക്കാനെത്തുന്നുണ്ട്. www.ticketmx.com എന്ന വെബ്സൈറ്റിലൂടെയാണ് ടിക്കറ്റ് വിൽപന. 200, 1800, 2000, 5000 സൗദി റിയാൽ നിരക്കുകളിലുള്ള ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റുപോയത്. അര്‍ജന്റീനിയൻ ടീമില്‍ ലെയണല്‍ മെസിയും സെര്‍ജിയൊ അഖിരോയും ഇടം പിടിച്ചതാണ് ഇത്രയും വലിയ ആവേശത്തിനും ടിക്കറ്റ് കൈക്കലാക്കാനുള്ള തള്ളിക്കയറ്റത്തിനും കാരണം. ബ്രസീലിയൻ താരം നെയ്മറും വരുമെന്ന് ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതും ഈ ഓളത്തിന് കാരണമായി. എന്നാൽ പരിക്കിന്റെ പിടിയിലായതിനാല്‍ നെയ്മർ റിയാദിലെത്തില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന. ഏതാനും മാസം മുമ്പ് റിയാദിൽ നടന്ന മത്സരത്തില്‍ നെയ്മര്‍ എത്തിയിരുന്നെങ്കിലും അന്ന് ലയണല്‍ മെസ്സി എത്തിയിരുന്നില്ല. കോപ അമേരിക്ക ഫുട്‌ബാളില്‍ റഫറിമാരെയും ലാറ്റിനമേരിക്കന്‍ ഫെഡറേഷനെയും പരസ്യമായി വിമര്‍ശിച്ചതിന്റെ പേരില്‍ മൂന്നു മത്സരങ്ങളിലി വിലക്ക് നേരിട്ടിരുന്നു മെസ്സി. അത് അവസാനിച്ച ശേഷമുള്ള ആദ്യ മത്സരത്തിനാണ് മെസ്സി റിയാദിലെത്തുന്നത് എന്ന പ്രത്യേകതയും ഇത്രയും വലിയ തരംഗത്തിന് കാരണമായിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി എട്ട് മണിക്കാണ് മത്സരം. നിരവധി മലയാളികളും ടിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam