റമദാനില്‍ യുഎഇയിലെ സ്കൂളുകളുടെ അധ്യയന സമയം പ്രഖ്യാപിച്ചു

By Web TeamFirst Published May 4, 2019, 4:08 PM IST
Highlights

ദുബായിലെ സ്കൂളുകളുടെ പ്രവൃത്തിസമയം നേരത്തെ തന്നെ നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‍മെന്റ് അതോരിറ്റി പ്രഖ്യാപിച്ചിരുന്നു. രാവിലെ എട്ട് മുതല്‍ ഒരു മണി വരെയോ അല്ലെങ്കില്‍ 8.30 മുതല്‍ 1.30 വരെയോ ആയിരിക്കും ദുബായിലെ സ്കൂളുകള്‍ പ്രവര്‍ത്തിക്കുക. 

അബുദാബി: റമദാനില്‍ യുഎഇയിലെ സ്കൂളുകളുടെ സമയക്രമം പ്രഖ്യാപിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി. രാവിലെ അസംബ്ലിയും എല്ലാ സ്‍പോര്‍ട്സ് ക്ലാസുകളും ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കിന്റര്‍ഗാര്‍ട്ടനുകള്‍ക്ക് രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് പ്രവൃത്തിസമയം. ഈ വിഭാഗത്തിലെ അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും എട്ട് മണി മുതല്‍ 12.30 വരെയാണ് ജോലി സമയം. ഒന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ക്ക് രാവിലെ എട്ട് മണി  മുതല്‍ ഉച്ചയ്ക്ക് 12.15 വരെയോ അല്ലെങ്കില്‍ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് 1.15 വരെയോ പ്രവര്‍ത്തിക്കാം. നാല് മണിക്കൂറിലായി ആറ് ക്ലാസുകളായിരിക്കും ഉണ്ടാവുക. ഇടയ്ക്ക് 15 മിനിറ്റ് ഇടവേള നല്‍കണം.

ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്ക് അഞ്ച് മണിക്കൂറാണ് പ്രവൃത്തി സമയം. ആക്ടിവിറ്റി ക്ലാസുകള്‍ ഉള്‍പ്പെടെ ഏഴ് ക്ലാസുകളാണ് ഈ സമയത്തിലുണ്ടാവേണ്ടത്. രാവിലെ എട്ട് മുതല്‍ ഒരു മണി വരെയോ അല്ലെങ്കില്‍ ഒന്‍പത് മുതല്‍ രണ്ട് വരെയോ ആയിരിക്കണം ഈ ക്ലാസുകള്‍ക്ക് പ്രവൃത്തിസമയം. അധ്യാപകരുടെയും മറ്റ് അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരുടെയും സമയക്രമം ഇതിന് അനിയോജ്യമായ തരത്തില്‍ ക്രമീകരിക്കണം.

ദുബായിലെ സ്കൂളുകളുടെ പ്രവൃത്തിസമയം നേരത്തെ തന്നെ നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‍മെന്റ് അതോരിറ്റി പ്രഖ്യാപിച്ചിരുന്നു. രാവിലെ എട്ട് മുതല്‍ ഒരു മണി വരെയോ അല്ലെങ്കില്‍ 8.30 മുതല്‍ 1.30 വരെയോ ആയിരിക്കും ദുബായിലെ സ്കൂളുകള്‍ പ്രവര്‍ത്തിക്കുക. സ്കൂള്‍ പ്രവൃത്തിസമയം അഞ്ച് മണിക്കൂറില്‍ കൂടരുതെന്ന് ദുബായ് നോളജ് ആന്റ് ഡെവലപ്‍മെന്റ് അതോരിറ്റി സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

click me!