ബഹ്റൈനില്‍ ഒന്‍പത് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ഇതുവരെ രോഗം കണ്ടെത്തിയത് 17 പേരില്‍

By Web TeamFirst Published Feb 25, 2020, 7:52 PM IST
Highlights

വിമാനത്താവളത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷന്‍ ഏരിയയില്‍ വെച്ചാണ് ഒന്‍പത് പേരുടെയും ടെസ്റ്റുകള്‍ നടത്തിയതെന്നും അതിന് ശേഷം ഇവരെ സല്‍മാനിയയിലുള്ള ഇബ്രാഹീം ഖലീല്‍ കാനൂ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. ഇവിടെയുള്ള ഐസൊലേഷന്‍ മുറികളിലാണ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നത്.

മനാമ: പുതിയതായി ഒന്‍പത് പേര്‍ക്ക് കൂടി ബഹ്റൈനില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്നും ദുബായ് വഴിയും ഷാര്‍ജ വഴിയും ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയി.

വിമാനത്താവളത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷന്‍ ഏരിയയില്‍ വെച്ചാണ് ഒന്‍പത് പേരുടെയും ടെസ്റ്റുകള്‍ നടത്തിയതെന്നും അതിന് ശേഷം ഇവരെ സല്‍മാനിയയിലുള്ള ഇബ്രാഹീം ഖലീല്‍ കാനൂ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. ഇവിടെയുള്ള ഐസൊലേഷന്‍ മുറികളിലാണ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നത്.

പുതിയതായി രോഗം സ്ഥിരീകരിച്ചവരിലുള്ള നാല് ബഹ്റൈനി സ്ത്രീകള്‍ ഇറാനില്‍ നിന്ന് ഷാര്‍ജ വഴി രാജ്യത്ത് എത്തിയവരാണ്.  രോഗം സ്ഥിരീകരിച്ച മൂന്ന് ബഹ്റൈന്‍ പൗരന്മാരും ഇറാനില്‍ നിന്നെത്തിയവരാണ്. ഇവരില്‍ രണ്ടുപേര്‍ ഷാര്‍ജ വഴിയും ഒരാള്‍ ദുബായ് വഴിയുമാണ് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് സൗദി സ്ത്രീകളും ഉള്‍പ്പെടുന്നു. ഇവരും ഇറാനില്‍ നിന്ന് ഷാര്‍ജ വഴി ബഹ്റൈനിലെത്തിയവരാണ്.

രോഗികളുമായി ഇടപഴകിയവരെ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ പ്രത്യേകം നിരീക്ഷിക്കുകയാണെന്നും ഇവരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ദുബായിലെയും ഷാര്‍ജയിലെയും വിമാനത്താവളങ്ങളില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും 48 മണിക്കൂര്‍ നേരത്തേക്ക് ബഹ്റൈന്‍ താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ വിലക്ക് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് രാജ്യത്ത് എത്തിയവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്ന ഓരോരുത്തരെയും പരിശോധിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലക്ഷണങ്ങള്‍ കാണിക്കുന്നവരെയോ പരിശോധനകളില്‍ പോസ്റ്റീവ് റിസള്‍ട്ടുകള്‍ ലഭിക്കുന്നവരെയോ ഉടന്‍ തന്നെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നുണ്ട്. കോറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളുണ്ടെന്ന് സ്വയം തോന്നുന്നവര്‍ മറ്റുള്ളവരില്‍ നിന്ന് അകന്നുനില്‍ക്കുകയും ഉടന്‍ തന്നെ 444 എന്ന നമ്പറില്‍ വിളിച്ച് ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും വേണം.

click me!