കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി ടൂടോക്ക് പരിഷ്കരിക്കുന്നു; ഉപയോക്താക്കളുടെ സംശയങ്ങള്‍ക്കും മറുപടി

By Web TeamFirst Published Feb 24, 2020, 9:09 PM IST
Highlights

ഉപയോക്താക്കളുടെ സംശയങ്ങള്‍ക്കും വിശദമായ മറുപടി നിര്‍മാതാക്കള്‍ നല്‍കുന്നുണ്ട്. ടൂടോക്കിന് എല്ലാ പിന്തുണയും നല്‍കുന്ന ഉപയോക്താക്കള്‍ക്ക് നന്ദി അറിയിക്കുന്നതിനൊപ്പം ന്യൂസ് പോര്‍ട്ടലും ഗെയിം സെന്ററും അടക്കമുള്ള സേവനങ്ങള്‍ കൂടി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

ദുബായ്: സൗജന്യ വീഡിയോ കോളിങ് ആപ്ലിക്കേഷനായ ടൂടോക്കില്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് നിര്‍മാതാക്കള്‍. കുറഞ്ഞകാലം കൊണ്ട് പ്രവാസികള്‍ക്ക് പ്രിയങ്കരമായ ടൂടോക്ക് ആപ്ലിക്കേഷന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഗുഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് തുറന്ന കത്തെഴുതിയിയിരിക്കുകയാണ് ആപിന്റെ നിര്‍മാതാക്കള്‍.

ഉപയോക്താക്കളുടെ സംശയങ്ങള്‍ക്കും വിശദമായ മറുപടി നിര്‍മാതാക്കള്‍ നല്‍കുന്നുണ്ട്. ടൂടോക്കിന് എല്ലാ പിന്തുണയും നല്‍കുന്ന ഉപയോക്താക്കള്‍ക്ക് നന്ദി അറിയിക്കുന്നതിനൊപ്പം ന്യൂസ് പോര്‍ട്ടലും ഗെയിം സെന്ററും അടക്കമുള്ള സേവനങ്ങള്‍ കൂടി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നതടക്കമുള്ള ആരോപണങ്ങള്‍ക്കും കമ്പനി മറുപടി നല്‍കുന്നുണ്ട്. ആപിന്റെ സുരക്ഷിതത്വം, മെസേജുകള്‍ ചോര്‍ത്തുന്നുവെന്ന ആരോപണം, സ്വകാര്യ വിവരങ്ങളും ഫോട്ടോകളും കോള്‍ ഹിസ്റ്ററിയും ഓഡിയോ റെക്കോര്‍ഡുകളും അടക്കം ചോര്‍ത്തിയതായുള്ള ആരോപണം എന്നിവയ്ക്കെല്ലാം നിര്‍മാതാക്കളുടെ മറുപടിയും നല്‍കിയിട്ടുണ്ട്.

പ്രത്യേക ഇന്റര്‍നെറ്റ് പാക്കേജോ, വി.പി.എന്‍ പോലുള്ള സംവിധാനങ്ങളോ ഇല്ലാതെയും പണമടയ്ക്കാതെയും വീഡിയോ കോള്‍ ചെയ്യാനാവുമെന്നതാണ് ടൂടോക്കിന്റെ സവിശേഷത. മെസേജ് ചെയ്യാനും 20 പേര്‍ വരെ ഉള്‍ക്കൊള്ളുന്ന കോണ്‍ഫറന്‍സ് കോളുകള്‍ക്കും ഇതില്‍ സൗകര്യമുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ടൂടോക്ക് യുഎഇയില്‍ ലഭ്യമായിത്തുടങ്ങിയപ്പോള്‍ തന്നെ പലരും, അതുവരെ പണം നല്‍കി ഉപയോഗിച്ചിരുന്ന മറ്റ് ആപുകള്‍ ഒഴിവാക്കാന്‍ തുടങ്ങി. കുറഞ്ഞത് 50 ദിര്‍ഹം സബ്സ്ക്രിപ്ഷന്‍ ചാര്‍ജും ഇതിന് പുറമെ ഇന്റര്‍നെറ്റ് ഉപയോഗ ചാര്‍ജും നല്‍കിയായിരുന്നു നേരത്തെയുണ്ടായിരുന്ന ബോട്ടിം ഉള്‍പ്പെടെയുള്ള ആപുകള്‍ സേവനം നല്‍കിക്കൊണ്ടിരുന്നത്. എന്നാല്‍ പ്രത്യേക ഇന്റര്‍നെറ്റ് കോളിങ് പ്ലാനുകളൊന്നും ആവശ്യമില്ലാതെയാണ് ടൂടോക്ക് പ്രവര്‍ത്തിക്കുന്നത്.

നേരത്തെ പ്ലേ സ്റ്റോറില്‍ നിന്നും ആപ് സ്റ്റോറില്‍ നിന്നും ടൂടോക്ക് ഒഴിവാക്കിയതിന് പിന്നാലെ തങ്ങളുടെ വെബ്‍സൈറ്റ് വഴി ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ കമ്പനി സൗകര്യമൊരുക്കിയിരുന്നു. ഇതിനുപുറമെ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളുടെ ആപ്ലിക്കേഷന്‍ വഴിയും ടൂടോക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ അന്ന് സൗകര്യമുണ്ടായിരുന്നു.

click me!