യുവതിക്ക് 29 ലക്ഷം രൂപയുടെ ട്രാഫിക് ഫൈന്‍ ഒഴിവാക്കി നല്‍കി പൊലീസ്

By Web TeamFirst Published Feb 24, 2020, 8:37 PM IST
Highlights

ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ ലഭിക്കുന്ന പിഴ 100 ശതമാനം വരെ ഒഴിവാക്കി നല്‍കുന്ന ദുബായ് പൊലീസിന്റെ പദ്ധതിയാണ് തുണയായത്. ഭീമമായ തുക ബാധ്യത വന്നതോടെ രണ്ട് വര്‍ഷത്തിലധികമായി രണ്ട് വാഹനങ്ങളുടെയും ലൈസന്‍സ് പുതുക്കാന്‍ കഴിയാതിരിക്കുകയായിരുന്നു ആമിറയ്ക്ക്. 

ദുബായ്: രണ്ട് കാറുകള്‍ക്കായി ഒന്നര ലക്ഷം ദിര്‍ഹമാണ് (29 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ട്രാഫിക് ഫൈന്‍ ഇനത്തില്‍ ആമിറ ഇസ്‍മഈല്‍ എന്ന യുവതി അടയ്ക്കേണ്ടിയിരുന്നത്. എന്നാല്‍ ഒരു ദിര്‍ഹം പോലുമുല്ലാതെ പിഴത്തുക മുഴുവനായി ഇളവ് ചെയ്തുവെന്ന അറിയിപ്പ് ലഭിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി അവര്‍.

ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ ലഭിക്കുന്ന പിഴ 100 ശതമാനം വരെ ഒഴിവാക്കി നല്‍കുന്ന ദുബായ് പൊലീസിന്റെ പദ്ധതിയാണ് തുണയായത്. ഭീമമായ തുക ബാധ്യത വന്നതോടെ രണ്ട് വര്‍ഷത്തിലധികമായി രണ്ട് വാഹനങ്ങളുടെയും ലൈസന്‍സ് പുതുക്കാന്‍ കഴിയാതിരിക്കുകയായിരുന്നു ആമിറയ്ക്ക്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഏഴിനായിരുന്നു ട്രാഫിക് ഫൈനുകള്‍ക്ക് ഇളവ് നല്‍കുന്ന പദ്ധതി ദുബായ് പൊലീസ് ആദ്യമായി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് പിഴ ശിക്ഷ കിട്ടിയ വ്യക്തി, അടുത്ത മൂന്ന് മാസത്തേക്ക് മറ്റ് നിയമലംഘനങ്ങളൊന്നും നടത്താതിരുന്നാല്‍ 25 ശതമാനം ഇളവ് ലഭിക്കും. ആറ് മാസം ഒരു നിയമലംഘനത്തിനും പിന്നീട് പിടിക്കപ്പെട്ടില്ലെങ്കില്‍ ഇളവ് 50 ശതമാനമായി മാറും. ഇതുപോലെ ഒന്‍പത് മാസം നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് വാഹനം ഓടിച്ചാല്‍ 75 ശതമാനം ഇളവും ഒരു വര്‍ഷം ഒരു നിയമലംഘനവും നടത്തിയില്ലെങ്കില്‍ 100 ശതമാനം ഇളവുമാണ് ഡ്രൈവര്‍ക്ക് ലഭിക്കുക.

കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്ന പിഴയിളവ് പദ്ധതിയുടെ കാലാവധി ഫെബ്രുവരി ആറിന് അവസാനിച്ചതോടെ ഇതേ പദ്ധതി ദുബായ് പൊലീസ്  പുനരാരംഭിച്ചു. കഴിഞ്ഞ വര്‍ഷം അഞ്ചര ലക്ഷത്തിലധികം ഡ്രൈവര്‍മാര്‍ പദ്ധതിയുടെ ഗുണഭോക്താക്കളായെന്ന് തിങ്കളാഴ്ച അധികൃതര്‍ അറിയിച്ചു. ആകെ 54 കോടിയിയിലധികം ദിര്‍ഹത്തിന്റെ പിഴ ശിക്ഷകളാണ് ഇളവ് ചെയ്യപ്പെട്ടത്. ഓരോ ഡ്രൈവര്‍ക്കും ശരാശരി 981.24 ദിര്‍ഹത്തിന്റെ ഇളവ് കിട്ടിയെന്നാണ് കണക്ക്. ഇതിന് പുറമെ ഇക്കാലയളവില്‍ വാഹന അപകട മരണങ്ങളില്‍ 16 ശതമാനത്തിന്റെ കുറവുണ്ടായി. അപകടങ്ങളില്‍ സംഭവിക്കുന്ന ഗുരുതരമായ പരിക്കുകളുടെ എണ്ണത്തില്‍ 38 ശതമാനവും കുറവുവന്നു. ആകെ 1,14,769 പുരുഷന്മാരും 4,44,661 സ്ത്രീകളും പദ്ധതിയുടെ ഗുണഭോക്താളായി.

click me!