
റിയാദ്: 70 കോടി റിയാൽ ചെലവിൽ ത്വാഇഫിൽ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ത്വാഇഫ് എന്നും വലിയ വികസനപ്രവർത്തനങ്ങളിലൂടെ ഈ നാടിന്‍റെ ടൂറിസം അനുഭവം ലോകസഞ്ചാരികൾക്ക് പകർന്നുകൊടുക്കുകയുമാണ് ലക്ഷ്യമെന്നും ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് വ്യക്തമാക്കി. ടൂറിസം വ്യവസായത്തിന്‍റെ പ്രധാന ചാലകമായ സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുകയാണെന്നം മന്ത്രി കൂട്ടിച്ചേർത്തു.
ആകർഷകമായ പ്രകൃതിയും വിഭവശേഷിയും സമശീതോഷ്ണ കാലാവസ്ഥയും ത്വാഇഫിനെ വേറിട്ട് നിർത്തുന്നു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി അതിനെ മാറ്റുന്നത് ഈ സവിശേഷതകളാണ്. രാജ്യത്തെ ടൂറിസം വ്യവസായത്തിലേക്ക് സ്വകാര്യ നിക്ഷേപകർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്വകാര്യ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും സംരംഭകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകുന്നതും മന്ത്രാലയത്തിെൻറ മുൻഗണനാപട്ടികയിലാണ്. സ്വകാര്യ നിക്ഷേപകർക്ക് സേവനം ചെയ്യുന്നതിനായി ആവിഷ്കരിച്ചതാണ് ഇൻവെസ്റ്റ്മെൻറ് എനേബിളേഴ്‌സ് പ്രോഗ്രാം. സൗദി ടൂറിസം സെക്ടറിനായി ഒരു വികസന ഫണ്ട് തന്നെ സൃഷ്ടിച്ചിട്ടുണ്ട്.
ത്വാഇഫ് മേഖലയിൽ വിവിധ വിനോസഞ്ചാര പദ്ധതികൾക്ക് ഇതിനം ടൂറിസം വികസന ഫണ്ടിൽനിന്ന് ധനസഹായം അനുവദിച്ചിട്ടുണ്ട്. 300ലധികം മുറികൾ ഉൾപ്പെടുന്ന ഉന്നത നിലവാരത്തിലുള്ള ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ ഒരുക്കുന്നതിനായിരുന്നു ഇത്. അത് കൂടാതെയാണ് 70 കോടി റിയാൽ ചെലവിൽ പുതിയ ചില ടൂറിസം പദ്ധതികൾ കൂടി പ്രഖ്യാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സൗദി സമ്മർ പ്രോഗ്രാമിനോട് അനുബന്ധിച്ച്, രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിലുടനീളം നടത്തുന്ന പര്യനടത്തിെൻറ ഭാഗമായാണ് അൽഖത്തീബ് മന്ത്രാലയ ഉദ്യോഗസ്ഥരോടൊപ്പം ത്വാഇഫിലെത്തിയത്. ഇവിടെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മന്ത്രി സന്ദർശനം നടത്തി. നിരവധി നിക്ഷേപകരുമായും സംരംഭകരുമായും കൂടിക്കാഴ്ചയും നടത്തി. ടൂറിസം മേഖലയിലെ വിപുലമായ നിക്ഷേപ സാധ്യതകളെക്കുറിച്ച് അവരുമായി ചർച്ച ചെയ്തു.
ത്വാഇഫിന് പ്രകൃതിദത്തമായ വളരെയധികം സവിശേഷതകളുണ്ടെന്നും അതെല്ലാം വിനോദസഞ്ചാരികളെ ആകർഷിക്കാൻ പോന്നതാണെന്നും ഏറ്റവും സുഖകരമായ കാലാവസ്ഥയാണ് ഇവിടെയെന്നും മന്ത്രി പറഞ്ഞു. അത് രാജ്യത്തെയും പൊതുവെ പ്രദേശത്തെയും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറാൻ യോഗ്യമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam