യുഎഇയില്‍ ഇനി ടൂറിസ്റ്റ് വിസ അഞ്ചു വര്‍ഷത്തേക്ക്

By Web TeamFirst Published Jan 7, 2020, 12:12 AM IST
Highlights

യുഎഇയെ ലോകത്തെ ഒന്നാം നമ്പർ വിനോദ സഞ്ചാര കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തെ കൂടുതൽ വേഗത്തിലാക്കാൻ പുതിയ നിയമം സഹായിക്കുമെന്നാണ് അധികാരികളുടെ പ്രതീക്ഷ

ദുബായ്: യുഎഇയില്‍ ഇനി ടൂറിസ്റ്റ് വിസ അഞ്ചു വര്‍ഷത്തേക്ക്. രാജ്യത്തെ ഒന്നാം നമ്പര്‍ വിനോദ സഞ്ചാര കേന്ദ്രമാക്കുകയാണ് ലക്ഷ്യം. പുതിയ നിയമത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. അഞ്ചു വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി.

എല്ലാ രാജ്യത്ത് നിന്നുമുള്ള പൗരന്മാർക്കും പുതിയ വിസ ലഭിക്കും. യുഎഇയെ ലോകത്തെ ഒന്നാം നമ്പർ വിനോദ സഞ്ചാര കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തെ കൂടുതൽ വേഗത്തിലാക്കാൻ പുതിയ നിയമം സഹായിക്കുമെന്നാണ് അധികാരികളുടെ പ്രതീക്ഷ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ ടൂറിസ്റ്റ് വിസയുടെ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

കഴിഞ്ഞ ഒരു വർഷത്തെ നേട്ടങ്ങൾ പരിശോധിച്ചതായും 2020നെ വ്യത്യസ്തമായ രീതിയിൽ സ്വീകരിക്കാനുമാണ് തീരുമാനമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ വർഷമാണ് ഭാവിയിലെ യുഎഇയെ രൂപപ്പെടുത്താൻ പോകുന്നതെന്നും ഷെയ്ഖ് മുഹമ്മദിന്‍റെ ട്വീറ്റില്‍ ട്വീറ്റില്‍ പറയുന്നു. അൻപതു വർഷത്തേക്കുള്ള വളർച്ച ലക്ഷ്യമിട്ടു ഭരണാധികാരി പ്രത്യേക സമിതിയെയും നിയോഗിച്ചു.

ദുബായിയുടെ സാമ്പത്തികവികസനം, പൗരൻമാർക്കും സന്ദർശകർക്കുമുള്ള സേവനം, സർക്കാരിന്റെ കാര്യക്ഷമത, അടിസ്ഥാന സൗകര്യവികസനം, സുരക്ഷയും നീതിയും, ആരോഗ്യവും വിജ്ഞാനം തുടങ്ങി ആറു മേഖലകളിലായിരിക്കും സമിതി ശ്രദ്ധ കേന്ദ്രീകരിക്കുക. പുതിയ നിയമത്തെ സ്വാഗതം ചെയ്ത് രാജ്യത്തെ മലയാളികളടക്കമുള്ള വിദേശികള്‍ രംഗതെത്തി.

click me!