വിമാനകമ്പനികൾ സർവീസ് അവസാനിപ്പിക്കുന്നു; തിരുവനന്തപുരം വിമാനത്താവളം പ്രതിസന്ധിയിലേക്ക്

By Web TeamFirst Published Feb 12, 2019, 12:53 AM IST
Highlights

ആകെയുണ്ടായിരുന്ന 16 വിമാനകമ്പനികളിൽ 5 എണ്ണമാണ് തിരുവനന്തപുരം ഉപേക്ഷിക്കുന്നത്. ജിദ്ദയിലേക്കും റിയാദിലേക്കും ആഴ്ചയിൽ മൂന്ന് സർവീസ് ഉണ്ടായിരുന്ന സൗദി എയർലെൻസ് ജനുവരിയോടെ അതെല്ലാം നിർത്തി. ദുബായ്‍ലേക്ക് ആഴ്ചയിൽ നാലു ദിനം പറന്നിരുന്ന ഫ്ലൈ ദുബായും ഇനി തലസ്ഥാനത്തേക്കില്ല. ദമാമിലേക്കുള്ള അവശേഷിക്കുന്ന സർവീസും ഈ മാസം അവസാനിപ്പിക്കുകയാണ് ജെറ്റ് എയർവേയ്സ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തെ പ്രതിസന്ധിയിലാക്കി നിരവധി വിമാനകമ്പനികൾ സർവീസ് അവസാനിപ്പിക്കുന്നു. രണ്ടുമാസത്തിനിടെ അഞ്ച് വിമാനകമ്പനികളാണ് തിരുവനന്തപുരത്ത് നിന്ന് പിൻമാറിയത്. കോടികളുടെ നഷ്ടമാണ് വിമാനത്താവളത്തിന് ഇതോടെ ഉണ്ടാവുന്നത്.

ആകെയുണ്ടായിരുന്ന 16 വിമാനകമ്പനികളിൽ 5 എണ്ണമാണ് തിരുവനന്തപുരം ഉപേക്ഷിക്കുന്നത്. ജിദ്ദയിലേക്കും റിയാദിലേക്കും ആഴ്ചയിൽ മൂന്ന് സർവീസ് ഉണ്ടായിരുന്ന സൗദി എയർലെൻസ് ജനുവരിയോടെ അതെല്ലാം നിർത്തി. ദുബായ്‍ലേക്ക് ആഴ്ചയിൽ നാലു ദിനം പറന്നിരുന്ന ഫ്ലൈ ദുബായും ഇനി തലസ്ഥാനത്തേക്കില്ല. ദമാമിലേക്കുള്ള അവശേഷിക്കുന്ന സർവീസും ഈ മാസം അവസാനിപ്പിക്കുകയാണ് ജെറ്റ് എയർവേയ്സ്.

ഘട്ടം ഘട്ടമായി സർവ്വീസ് കുറച്ചുകൊണ്ടുവന്നിരുന്ന സ്പൈസ് ജെറ്റും സിൽക്ക് എയറും ഇതോടൊപ്പം പൂർണ്ണമായും പിൻമാറുന്നു. 240 ഷെഡ്യൂളുകളാണ് ഇങ്ങനെ ഒരു മാസം മാത്രം മുടങ്ങുക. സാന്പത്തിക പ്രതിസന്ധിയാണ് ജെറ്റും സ്പൈസ് ജെറ്റും കാരണമായി ചൂണ്ടികാണിക്കുന്നത്. എന്നാൽ തിരുവനന്തപുരത്ത് ലൈസൻസ് പുതുക്കാത്ത സൗദി എയർലൈൻസ് കണ്ണൂരിൽ നിന്ന് പുതിയ സർവീസ് തുടങ്ങുകയാണ്. തിരുവനന്തപുരത്തെ കൈ ഒഴിഞ്ഞ ഫ്ലൈ ദുബായ് കോഴിക്കോട് നിന്നും പ്രവർത്തനം തുടങ്ങും.

വടക്കൻ കേരളത്തോട് മാത്രം വിമാക്കന്പനികൾക്ക് പ്രിയം തോന്നാൻ എന്തൊക്കെയാവാം കാരണം എന്ന് ചോദിച്ചാല്‍ തലസ്ഥാനത്തിന് വേണ്ടി ഇടപെടാൻ ആരുമില്ലെന്ന് സംരംഭകർ കുറ്റുപ്പെടുത്തുന്നു. ഒരോ തവണയും വിമാനമിറങ്ങുന്പോൾ അടയ്ക്കേണ്ട നാവിഗേഷൻ ചാർജ് ഇനത്തിൽ ഒന്നരക്കോടിയിലധികം മാസം തോറും നഷ്ടമാകുന്നതിൽ തുടങ്ങുന്ന വരുമാന ചോർച്ച. യാത്രക്കാർ കുറയുന്നതോടെ യുസർ ഡെവലപ്മെന്‍റ് ഫീയിലൂടെയുള്ള വരവും ഇടിയും.

വാഹന പാർക്കിംഗും ഷോപ്പിംഗും അടക്കം പരോക്ഷ വരുമാനത്തിലെ നഷ്ടം വേറെ. വിമാനത്താവളത്തിന്‍റെ വരുമാനം അഞ്ചിലൊന്ന് നഷ്ടപ്പെടാൻ പോകുന്നുവെന്നാണ് കണക്കുൾ. വരുമാനത്തിലെ വലിയ കുറവ് മെല്ലെ മെല്ലെ വിമാനത്താവളത്തിന്‍റെ ആകെ പ്രവർത്തനത്തെ തന്നെ ബാധിക്കും. അതോടെ കൂടുതൽ വിമനകമ്പനികൾ ഇവിടം വിട്ടേക്കാം. ചുരക്കത്തിൽ ഇന്ത്യ സ്വതന്ത്രമായതിന് ശേഷം നിർമ്മിച്ച ആദ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന് ചരമഗീതം മുഴങ്ങാൻ അധിക കാലം വേണ്ട, ഇടപേണ്ടവർ ഇടപെട്ടില്ലെങ്കിൽ.

click me!