വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി; രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

By Web TeamFirst Published Sep 27, 2021, 10:11 AM IST
Highlights

കുവൈത്തില്‍ വ്യാപാരം നടത്തുന്നതിനായി രണ്ട് പ്രവാസികള്‍ വന്‍തോതില്‍ മയക്കുമരുന്ന് കൊണ്ടുവരുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. 

കുവൈത്ത് സിറ്റി: വന്‍ മയക്കുമരുന്ന് ശേഖരവുമായി കുവൈത്തിലെത്തിയ രണ്ട് പ്രവാസികള്‍ പിടിയിലായി. ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ (General Administration for Narcotics Control) ഉദ്യോഗസ്ഥരാണ് 50 കിലോഗ്രാം രാസ വസ്‍തുക്കളും (chemical substance) 20 കിലോഗ്രാം ഹാഷിഷും (hashish) രണ്ട് ഗ്രാം ഹെറോയിനും (heroin) പിടികൂടിയത്.

കുവൈത്തില്‍ മയക്കുമരുന്ന് വ്യാപാരം നടത്തുന്നതിനായി രണ്ട് പ്രവാസികള്‍ വന്‍തോതില്‍ നിരോധിത വസ്‍തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ പരിശോധനകള്‍ക്കായി അധികൃതര്‍ കോടതി ഉത്തരവ് വാങ്ങിയ. ശേഷം ഇവരുടെ താമസ സ്ഥലങ്ങളില്‍ റെയ്‍ഡ് നടത്തുകയായിരുന്നു. ഇവിടെ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. 

ചോദ്യം ചെയ്യലില്‍ രണ്ട് പേരും കുറ്റം സമ്മതിച്ചു. മയക്കുമരുന്ന് തങ്ങളുടേത് തന്നെയെന്നും കള്ളക്കടത്തിനായി എത്തിച്ചതാണെന്നും ഉദ്യോഗസ്ഥരോട് സമ്മതിച്ചു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. പ്രതികള്‍ ഏഷ്യക്കാരായ പ്രവാസികളാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളത്. പരിശോധനയുടെയും മയക്കുമരുന്ന് കണ്ടെടുക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും അധികൃകര്‍ പുറത്തുവിട്ടു.

click me!