സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്ത് തൊഴില്‍ തട്ടിപ്പ്; രണ്ട് പ്രവാസികള്‍ ജയിലിലായി

By Web TeamFirst Published Nov 18, 2022, 3:25 PM IST
Highlights

മെച്ചപ്പെട്ട ശമ്പളത്തോടെയുള്ള നല്ല തൊഴിലവസരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യം ചെയ്‍താണ് ഇവര്‍ ആളുകളെ കെണിയില്‍ വീഴ്ത്തിയിരുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. 

മനാമ: സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്‍ത് തൊഴില്‍ തട്ടിപ്പ് നടത്തിയ രണ്ട് പ്രവാസികള്‍ക്ക് ബഹ്റൈനില്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ. ലൈസന്‍സില്ലാതെ എംപ്ലോയ്‍മെന്റ് ഏജന്‍സി നടത്തിയതിന് ഇവര്‍ കറ്റക്കാരാണെന്ന് കണ്ടെത്തിയതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ലോവര്‍ ക്രിമനല്‍ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.

രണ്ട് പ്രവാസികള്‍ക്കും 3000 ദിനാര്‍ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ ബഹ്റൈനില്‍ നിന്ന് നാടുകടത്തും. മെച്ചപ്പെട്ട ശമ്പളത്തോടെയുള്ള നല്ല തൊഴിലവസരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യം ചെയ്‍താണ് ഇവര്‍ ആളുകളെ കെണിയില്‍ വീഴ്ത്തിയിരുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. തുടര്‍ന്ന് പണം വാങ്ങിയ ശേഷം തൊഴില്‍ രഹിതരെ ബഹ്റൈനിലേക്ക് കൊണ്ടുവരികയും ചെയ്‍തു. ആവശ്യമായ അനുമതികളോ ലൈസന്‍സോ ഇല്ലാതെയാണ് ഇവര്‍ ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചത്. അന്വേഷണത്തില്‍ രണ്ട് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തി. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വ്യാജ വാഗ്ദാനങ്ങളില്‍ കുടുങ്ങി ബഹ്റൈനില്‍ എത്തുന്ന നിരവധിപ്പേര്‍ ചൂഷണങ്ങള്‍ക്ക് ഇരയാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളാണ് ഇപ്പോള്‍ അധികൃതര്‍ സ്വീകരിക്കുന്നത്.

Read also:  രണ്ട് വര്‍ഷത്തിനിടെ ലഭിച്ചത് മൂന്ന് ലക്ഷം രൂപയുടെ ട്രാഫിക് ഫൈന്‍; ഹൗസ് ഡ്രൈവര്‍ക്കെതിരെ പരാതിയുമായി യുവതി

ഇറാനില്‍ ഭൂചലനം; യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു
അബുദാബി: ദക്ഷിണ ഇറാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനം നേരിയ തോതില്‍ യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ബഹ്റൈന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടുവെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ ഏജന്‍സി അറിയിച്ചു. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി ആളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. ഭൂചലനം ഉണ്ടായത് യുഎഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സ്ഥിരീകരിച്ചു.

click me!