
കുവൈത്ത് സിറ്റി: കുവൈത്തിൽ നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെയും ആരോഗ്യനില ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് ആശുപത്രിയിൽ നേരിട്ട് അന്വേഷിച്ചു. പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസിലെ ജീവനക്കാരനാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. അതോറിറ്റിയുടെ പരിസരത്ത് ജോലി ചെയ്യുന്നതിനിടെ നിരവധി നായ്ക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു.
ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റ ജീവനക്കാരനെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയ ആഭ്യന്തര മന്ത്രി ജീവനക്കാരന്റെ ആരോഗ്യനിലയും ചികിത്സയുടെ പുരോഗതിയും വിലയിരുത്തി. ഇതിനിടെ സ്വന്തം വീട്ടിലേക്ക് പ്രവേശിക്കുന്നതിനിടെ നായയുടെ ആക്രമണത്തിൽ പരിക്കേറ്റ കുവൈത്ത് സ്വദേശിനിയുടെ ആരോഗ്യനിലയും മന്ത്രി അന്വേഷിച്ചു. ഇവരെ അമീരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
സംഭവസ്ഥലത്ത് നടത്തിയ അന്വേഷണത്തിൽ സ്ത്രീയെ ആക്രമിച്ച നായ ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തി. മൃഗത്തെ നിയന്ത്രിക്കുന്നതിൽ അശ്രദ്ധ കാണിക്കുകയും അതുവഴി മറ്റൊരാൾക്ക് പരിക്കേൽക്കാൻ കാരണമാകുകയും ചെയ്തതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെരുവുനായ്ക്കൾ കൂട്ടമായി കാണപ്പെടുകയോ പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യം ഉണ്ടാകുകയോ ചെയ്താൽ കൃത്യമായ സ്ഥലവിവരങ്ങൾ സഹിതം അടിയന്തര നമ്പറായ 112ൽ അറിയിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam