ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിലെ രണ്ട് മലയാളികൾ തിരികെ നാട്ടിലെത്തി

By Web TeamFirst Published Sep 20, 2019, 10:06 AM IST
Highlights

മലപ്പുറം സ്വദേശി കെ കെ അജ്മലും കാസർകോട് സ്വദേശി പ്രജിത്തുമാണ് തിരികെയെത്തിയത്. ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ ഗ്രേസ് - 1- ലെ ജീവനക്കാരായിരുന്നു ഇവർ. 

മലപ്പുറം/കാസർകോട്: ഇറാനും ബ്രിട്ടനും തമ്മിലുള്ള കപ്പൽപ്പോരിൽ ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ ഗ്രേസ് - 1 - ലെ ജീവനക്കാരായിരുന്ന രണ്ട് മലയാളികൾ നാട്ടിലെത്തി. മലപ്പുറം സ്വദേശി കെ കെ അജ്മലും കാസർകോട് സ്വദേശി പ്രജിത്തുമാണ് തിരികെയെത്തിയത്.

ഗ്രേസ് വണ്ണിലെ ജൂനിയർ ഓഫീസറായിരുന്നു കെ കെ അജ്മൽ. കപ്പലിൽ നിന്ന് മോചിതനായ ശേഷം, നടപടികൾ പൂർത്തിയാക്കി ഇന്നലെയാണ് അജ്മൽ ദുബായിലെത്തിയത്. അവിടെ നിന്ന് ഔദ്യോഗിക നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം അജ്മൽ നാട്ടിലേക്ക് വരികയായിരുന്നു. ഇന്ന് പുലർച്ചെയാണ് അജ്മൽ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. കാസർകോട് സ്വദേശി പി പ്രജിത്ത് രണ്ട് ദിവസം മുൻപേ നാട്ടിൽ തിരിച്ചെത്തിയിരുന്നു. 

കപ്പൽ വിട്ടു നൽകാൻ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിട്ടതിനെത്തുടർന്ന് ഓഗസ്റ്റ് 19-നാണ് കപ്പൽ ജിബ്രാൾട്ടർ തീരം വിട്ടത്. യൂറോപ്യൻ യൂണിയൻ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് പോകുന്നുവെന്നാരോപിച്ചാണ് ഇറാൻ കപ്പൽ ബ്രിട്ടൺ പിടിച്ചെടുത്തത്. ഇറാനെതിരായ അമേരിക്കൻ ഉപരോധം യൂറോപ്യൻ യൂണിയന് ബാധകമല്ലെന്ന് ജിബ്രാൾട്ടർ വ്യക്തമാക്കിയതോടെയാണ് കപ്പലിന്‍റെ മോചനം സാധ്യമായത്. മോചനത്തിനെതിരെ അമേരിക്ക രംഗത്ത് വന്നത് ജീവനക്കാരെ ആശങ്കയിലാക്കിയിരുന്നു. ഇത് നടപടിക്രമങ്ങൾ വൈകിക്കുകയും ചെയ്തു.

അതേസമയം, ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പൽ സ്റ്റെനാ ഇംപെറോയിലെ മലയാളികളെ ഇതുവരെ മോചിപ്പിക്കാനായിട്ടില്ല. അവർ സുരക്ഷിതരാണെന്ന വിവരം കുടുംബാംഗങ്ങൾക്ക് ലഭിക്കുന്നുണ്ട്. കൃത്യമായ ഇടവേളകളിൽ ഇവർ കുടുംബാംഗങ്ങളോട് സംസാരിക്കുന്നുണ്ടെങ്കിലും കുടുംബങ്ങൾ ആശങ്കയിൽത്തന്നെയാണ്. കപ്പൽ ഉടൻ മോചിപ്പിക്കുമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. 

Read More: ബ്രിട്ടീഷ് കപ്പൽ സ്റ്റെനാ ഇംപെറോ ഉടൻ മോചിപ്പിക്കുമെന്ന് ഇറാൻ: കാത്തിരുന്ന് ബന്ധുക്കൾ

 

click me!