ടെഹ്‍റാൻ: ഹോർമുസ് കടലിടുക്കിൽ വച്ച് പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ സ്റ്റെനാ ഇംപെറോ ഉടൻ മോചിപ്പിക്കുമെന്ന് ഇറാൻ. നിയമനടപടികള്‍ പൂർത്തിയായാലുടൻ കപ്പല്‍ വിട്ടുനല്‍കുമെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു.

കപ്പലില്‍ ആകെ 23 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 5 ഇന്ത്യക്കാരുള്‍പ്പെടെ 7 പേരെ നേരത്തെ മോചിപ്പിച്ചിരുന്നു. എന്നാൽ ഇതിൽ മലയാളികൾ ഉണ്ടായിരുന്നില്ല. അവശേഷിക്കുന്നവർ കപ്പലില്‍ തന്നെ തുടരുമെന്ന് ഇറാൻ അറിയിച്ചിരുന്നു. മലയാളികൾ ഉൾപ്പടെയുള്ളവരുടെ മോചനം ഉടനെയുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് കുടുംബങ്ങൾ. 

കപ്പലിൽ നിന്ന് മോചിപ്പിച്ചവരിൽ അഞ്ച് ഇന്ത്യക്കാരുണ്ടെന്ന വാർത്ത ആദ്യം വലിയ പ്രതീക്ഷയോടെയാണ് തൃപ്പൂണിത്തുറ സ്വദേശി ഷിജു ഷേണായിയുടെ കുടുംബം കേട്ടത്. എന്നാൽ അതിന് പിന്നാലെ ഷിജുവിന്‍റെ ഫോണെത്തി. മോചിപ്പിക്കുന്നവരിൽ മലയാളികൾ ആരുമില്ലെന്ന് ഷിജു അറിയിച്ചതോടെ ഇവരുടെ കാത്തിരിപ്പ് പിന്നെയും നീണ്ടു.

ഷിജു ദിവസവും വിളിക്കാറുണ്ടെന്നും വൈകാതെ തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷയെന്നും ഷിജുവിന്‍റെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട്  പറഞ്ഞു. കപ്പൽ അധികൃതർ നിരന്തരം തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും ബാക്കിയുള്ളവരുടെ മോചനം ഉടനുണ്ടാകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷിജുവിനെ കൂടാതെ കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചനും കപ്പലിലുണ്ട്. കഴിഞ്ഞ ജൂലൈ 19 നാണ് ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്ത് വച്ച് ബ്രിട്ടന്‍റെ എണ്ണക്കപ്പലായ സ്റ്റെനാ ഇംപെറോ ഇറാന്‍ പിടിച്ചെടുത്തത്. പതിനെട്ട് ഇന്ത്യക്കാരടക്കം ഇരുപത്തിമൂന്ന് പേരാണ് കപ്പലിലുള്ളത്.

കപ്പലിലുണ്ടായിരുന്ന എണ്ണ വിറ്റുതീർത്തതായി ഇറാൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. യൂറോപ്യൻ യൂണിയൻ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കയറ്റി അയക്കുന്നു എന്നാരോപിച്ച് ഒരു ഇറാനിയൻ കപ്പല്‍ ബ്രിട്ടൻ പിടിച്ചെടുത്തിരുന്നു. അതിന് മറുപടിയായിട്ടാണ് ബ്രിട്ടന്‍റെ കപ്പല്‍ ഇറാൻ പിടിച്ചെടുത്തത്.