
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് വ്യത്യസ്ത ശ്രമങ്ങൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. ഒന്നാം നമ്പർ ടെർമിനലിലും നാലാം നമ്പർ ടെർമിനലിലുമായി നടത്തിയ പരിശോധനകളിലാണ് രണ്ട് യാത്രക്കാർ പിടിയിലായത്. ലഹരിക്കടത്ത് തടയുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് നൽകിയ നേരിട്ടുള്ള നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.
ആദ്യ കേസിൽ, റിപ്പബ്ലിക് ഓഫ് ബെനിനിൽ നിന്ന് ടെർമിനൽ 1-ൽ എത്തിയ ഒരു യുവതിയാണ് പിടിയിലായത്. ബെനിൻ സ്വദേശിനിയായ ഇവർ കുവൈത്തിൽ ഗാർഹിക തൊഴിലാളിയായി ജോലി ചെയ്യാൻ എത്തിയതായിരുന്നു. ഇവരുടെ പക്കൽ നിന്ന് ഏകദേശം 1.074 കിലോഗ്രാം കഞ്ചാവും, ഇത് വിതരണത്തിനായി പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ചെറിയ ബാഗുകളും സിഗരറ്റ് പേപ്പറും കണ്ടെടുത്തു. കൃത്യമായ വിസയിലാണ് ഇവർ രാജ്യത്തെത്തിയത്.
രണ്ടാമത്തെ ഓപ്പറേഷനിൽ, ഡൽഹിയിൽ നിന്ന് ടെർമിനൽ 4-ൽ എത്തിയ ഇന്ത്യൻ സ്വദേശിയാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് ഏകദേശം 226 ഗ്രാം ഹാഷിഷ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. രണ്ട് കേസുകളിലും ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. പിടിച്ചെടുത്ത ലഹരിമരുന്നുകൾ കൂടുതൽ അന്വേഷണങ്ങൾക്കും നടപടികൾക്കുമായി ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് ആൻഡ് ആൽക്കഹോൾ കൺട്രോളിന് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam