
റിയാദ്: ചട്ടം ലംഘിച്ച് സൈനിക റാങ്കുകളും ചിഹ്നങ്ങളും യൂണിഫോമും നിർമിച്ച് വിൽപന നടത്തി വന്ന രണ്ട് കടകൾ അടപ്പിച്ചു. റിയാദ് ഗവർണറുടെ നിർദേശപ്രകാരമാണ് നടപടി. സൈനിക വസ്ത്രങ്ങളുടെ വിൽപ്പനയും തയ്യലും നിയന്ത്രിക്കുന്ന ചട്ടങ്ങൾ ലംഘിച്ചാണ് നിരവധി സൈനിക റാങ്കുകളും ചിഹ്നങ്ങളും നിർമിച്ചിരിക്കുന്നതായി കണ്ടെത്തിയത്. പിടിച്ചെടുത്തവയെല്ലാം കണ്ടുകെട്ടിയതായി റിയാദ് മേഖലയില സൈനിക വസ്ത്ര, തയ്യൽ കടകളുടെ നിരീക്ഷണ സുരക്ഷാ സമിതി വ്യക്തമാക്കി.
കടകൾ കേന്ദ്രീകരിച്ച് സുരക്ഷാ കമ്മിറ്റി നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദറിന്‍റെ നിർദേശപ്രകാരവും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനുമായി ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാെൻറ തുടർനടപടികളുടെ ഭാഗമായുമാണ് പരിശോധനകൾ നടത്തിയതെന്ന് സമിതി വിശദീകരിച്ചു. നാഷനൽ ഗാർഡ് മന്ത്രാലയം, വാണിജ്യ മന്ത്രാലയം, സ്റ്റേറ്റ് സെക്യൂരിറ്റി, റിയാദ് പൊലീസ്, മേഖല പാസ്‌പോർട്ട്, മുനിസിപ്പാലിറ്റി, തൊഴിൽ ഓഫീസ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിശോധന നടത്തിയതെന്ന് അവർ ചൂണ്ടിക്കാട്ടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam