
ദുബൈ: കളിത്തോക്ക് കാട്ടി യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ രണ്ട് യുവതികള്‍ക്കെതിരെ ദുബൈ പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. ടിന്റര്‍ വഴി പരിചയപ്പെട്ട വിദേശി യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം സംഘത്തിലെ മറ്റുള്ളവരുമായി ചേര്‍ന്ന് കൊള്ളയടിക്കുകയായിരുന്നു. പിടിയിലായ രണ്ട് പേരും നൈജീരിയന്‍ സ്വദേശിനികളാണ്.
പരാതിക്കാരനായ യുവാവിന്റെ മാല, 500 ദിര്‍ഹം, 2000 റൊമാനിയന്‍ കറന്‍സി എന്നിവയാണ് സംഘം കവര്‍ന്നത്. സെപ്‍തംബര്‍ അഞ്ചിനായിരുന്നു സംഭവം. രാത്രി 7.30ഓടെയാണ് യുവാവ് യുവതിയുടെ ഫ്ലാറ്റിലേക്ക് പോയത്. അവിടെയുണ്ടായിരുന്ന പുരുഷന്മാരാണ് കളിത്തോക്ക് കാട്ടി ഇയാളെ ഭീഷണിപ്പെടുത്തിയത്. തട്ടിയെടുത്ത പണത്തിന്റെ ഒരു ഭാഗം കൈവശം വെച്ചിരുന്ന ഒരു നൈജീരിയന്‍ യുവാവും പിടിയിലായിട്ടുണ്ട്.
ജെബല്‍ അലി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പണവും ക്രെഡിറ്റ് കാര്‍ഡുകളും കൈക്കലാക്കുകയും കാര്‍ഡുകളുടെ പിന്‍ ആവശ്യപ്പെടുകയും ചെയ്‍തുവെന്ന് പരാതിയില്‍ പറയുന്നു. പ്രതികള്‍ രണ്ട് ദിവസത്തേക്കാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരുന്നതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. ആ സമയത്ത് കെട്ടിടത്തിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നുമില്ല. അന്വേഷണത്തിനൊടുവില്‍ അജ്‍മാനില്‍ വെച്ചാണ് പൊലീസ് രണ്ട് സ്ത്രീകളെയും കണ്ടെത്തി അറസ്റ്റ് ചെയ്‍തത്. യുവാവ് നല്‍കിയ ക്രെഡിറ്റ് കാര്‍ഡ് പിന്‍ തെറ്റായിരുന്നെന്നും ഇതില്‍ നിന്ന് പണമൊന്നും പിന്‍വലിക്കാന്‍ സാധിച്ചിരുന്നില്ലെന്നും യുവതികള്‍ പറഞ്ഞു.
ഭീഷണിപ്പെടുത്താനുപയോഗിച്ച കളിത്തോക്കുകള്‍ ഇവരുടെ താമസ സ്ഥലത്തുനിന്ന് കണ്ടെടുത്തു. അതേസമയം യുവതികളിലൊരാള്‍ നാട്ടിലേക്ക് അയക്കാനായി തന്ന പണമാണ് താന്‍ കൈവശം വെച്ചിരുന്നതെന്ന് പിടിയിലായ യുവാവ് പൊലീസിനോട് പറഞ്ഞു. പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് ജനുവരി അഞ്ചിന് പരിഗണിക്കാനായി കോടതി മാറ്റിവെച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam