US‑Israel war with Iran Day 13: വിമാന ടിക്കറ്റുകൾക്ക് 10 ഡോളർ അധിക സർചാർജ്, വിലക്കയറ്റം, പ്രവാസികൾ അറിയേണ്ട കാര്യങ്ങൾ

Published : Mar 12, 2026, 02:35 PM IST
Middle East war news

Synopsis

ഇറാനിൽ നിന്നുള്ള മിസൈലുകളും ഡ്രോണുകളും യുഎഇയുടെ വ്യോമ പ്രതിരോധ സേന വിജയകരമായി തകർത്തു. ഈ ആക്രമണം ദുബായിൽ ചെറിയ തീപിടിത്തത്തിനും വിമാന സർവീസുകൾ തടസ്സപ്പെടുന്നതിനും കാരണമായി. വിലക്കയറ്റം നിരീക്ഷിക്കാനും വ്യാജവാർത്തകൾക്കെതിരെ ജാഗ്രത പാലിക്കാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

അബുദാബി: മാർച്ച് 11 ബുധനാഴ്ച ഇറാനിൽ നിന്നു വിക്ഷേപിച്ച 13 മിസൈലുകളും 39 ഡ്രോണുകളും യുഎഇയുടെ എയർ ഡിഫൻസ് സംവിധാനം വിജയകരമായി തടഞ്ഞു നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ 6 ബാലിസ്റ്റിക് മിസൈലുകളും 7 ക്രൂയിസ് മിസൈലുകളും ഉൾപ്പെട്ടിരുന്നു.

ആറ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു

ഇറാൻ്റെ ഈ ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ 268 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,514 ആളില്ലാ വിമാനങ്ങളും  യുഎഇ വ്യോമ പ്രതിരോധ സേന തകർത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഈ ആക്രമണങ്ങളുടെ ഫലമായി യുഎഇ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആറ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 131 പേർക്ക് ചെറുതും വലുതുമായ പരിക്കുകളും ഏറ്റിട്ടുണ്ട്. ഏതൊരു ഭീഷണിയെയും നേരിടാൻ രാജ്യം സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിൻ്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും ദേശീയ താൽപ്പര്യങ്ങളും ആസ്തികളും സംരക്ഷിക്കുന്നതിനുമായി സുരക്ഷയെ തകർക്കാനുള്ള ഏത് ശ്രമത്തെയും കർശനമായി നേരിടുമെന്നാണ് മന്ത്രാലയം പറഞ്ഞത്.

കെട്ടിടത്തിൽ ഡ്രോൺ പതിച്ചു

ദുബായ് ക്രീക്ക് ഹാർബറിനു സമീപമുള്ള ഒരു കെട്ടിടത്തിൽ ഡ്രോൺ പതിച്ചതിനെ തുടർന്ന് ചെറിയ തീപിടിത്തമുണ്ടായി. ദുബായ് മീഡിയ ഓഫീസ് അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ സിവിൽ ഡിഫൻസ് സംഘം വേഗത്തിൽ ഇടപെട്ട് തീപിടിത്തം പൂര്‍ണമായും നിയന്ത്രണത്തിലാക്കി. കെട്ടിടത്തിലെ എല്ലാ താമസക്കാരും സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിലെ വർധിച്ചുവരുന്ന സംഘർഷ പശ്ചാത്തലത്തിലാണ് ഈ സംഭവം ഉണ്ടായത്.

നിയന്ത്രിത ഷെഡ്യൂൾ

മേഖലയിലെ വ്യോമപാതകൾ ക്രമാതീതമായി വീണ്ടും തുറക്കുന്നതിനിടെ യുഎഇയിലെ വിമാനക്കമ്പനികൾ കുറച്ചുകൂടി നിയന്ത്രിതമായ ഷെഡ്യൂളിലാണ് ഇപ്പോൾ സർവീസുകൾ നടത്തുന്നത്. എമിറേറ്റ്സ്, ഇത്തിഹാദ് എയർവേയ്സ്, ഫ്ലൈദുബൈ, എയർ അറേബ്യ തുടങ്ങിയ എയർലൈൻസുകൾ അവരുടെ സർവീസുകൾ പുതുക്കിയിട്ടുണ്ട്. സർവീസ് തടസം നേരിട്ടവർക്ക് റീബുക്കിംഗ്, റീഫണ്ട് എന്നിവയുടെ സൗകര്യവും വിമാന കമ്പനികൾ നൽകുന്നുണ്ട്. സ്ഥിരീകരിച്ച ബുക്കിംഗ് ഉള്ളവർ മാത്രമേ യാത്ര ചെയ്യാൻ വിമാനത്താവളത്തിൽ എത്തേണ്ടതുള്ളൂ എന്ന് അധികൃതരും എയർലൈൻസുകളും അറിയിച്ചു.

വിലക്കയറ്റം

മിഡിൽ‌ ഈസ്റ്റിൽ ഇറാൻ്റെ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിൽ വെജിറ്റബിൾസ്, പ്രധാന ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വില പെട്ടെന്ന് ഉയരുന്നതായി തോന്നുന്നുണ്ടോ? ചിലപ്പോഴൊക്കെ വിവിധ കടകളിൽ വില വ്യത്യാസം ഉണ്ടാകാം. എന്നാൽ അവശ്യ സാധനങ്ങളുടെ വില അന്യായമായി ഉയരുന്നതായി തോന്നിയാൽ അത് അധികൃതരെ അറിയിക്കണമെന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗം അറിയിച്ചിട്ടുണ്ട്. വില വർധനവുകൾ നിരീക്ഷിക്കുന്നതിനായി അധികൃതർ ശക്തമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.

യുഎസ്, ഇസ്രായേൽ, ഇറാൻ എന്നിവിടങ്ങളിലെ സംഘർഷം തുടരുന്നതിനാൽ അതിന്റെ പ്രതിഫലനം ലോകമെമ്പാടുമുള്ള യാത്ര, എണ്ണ വിപണി, ഷിപ്പിംഗ് റൂട്ടുകൾ, വ്യോമയാന മേഖല എന്നിവയിൽ അനുഭവപ്പെടുന്നുണ്ട്. യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിപണിയെ സ്ഥിരതയിൽ നിലനിർത്താനും സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാനും വിവിധ നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്നാണ് അധികതർ വ്യക്തമാക്കുന്നത്. പ്രധാന സേവനങ്ങൾ തടസ്സമില്ലാതെ തുടരാൻ ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിച്ചുവരുന്നുണ്ട്.

യുഎഇയിലും മിഡിൽ ഈസ്റ്റ് മേഖലയിലുമുള്ള പ്ലസ് ടു ഇംഗ്ലീഷ് പരീക്ഷ മാറ്റിയെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സർക്കുലർ വ്യാജമാണെന്ന് CBSE വ്യക്തമാക്കി രം​ഗത്ത് വന്നിരിക്കുകയാണ്. വിദ്യാർത്ഥികളും രക്ഷിതാക്കളും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്ന് ബോർഡ് നിർദ്ദേശിച്ചു.

വിമാന ടിക്കറ്റ് നിരക്ക് വർധന

പ്രവാസികൾക്ക് ഇരുട്ടടി നൽകി വിമാന ടിക്കറ്റ് നിരക്ക് മാർച്ച് 12 മുതൽ കൂടും. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ധന ചെലവ് വർധിച്ചതിനെ തുടർന്ന് ഓരോ ടിക്കറ്റിനും ഏകദേശം 10 ഡോളർ അതായത് ഏകദേശം 36.7 ദിർഹം അധിക സർചാർജ് ഈടാക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡ്രോൺ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് ആറ് വൈദ്യുതി ലൈനുകൾ തകരാറിലായി, വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി കുവൈത്ത്
കുവൈത്തിന് നേരെ വീണ്ടും ആക്രമണം, ബാലിസ്റ്റിക് മിസൈൽ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം