കുവൈത്തിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ ശക്തമായ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. ഒമ്പത് വ്യത്യസ്ത കേസുകളിലായി 16 പേരെ അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് ക്രിസ്റ്റൽ മെത്ത്, ഹെറോയിൻ, ഹാഷിഷ് എന്നിവയുൾപ്പെടെ നിരവധി മയക്കുമരുന്നുകളും പണവും പിടിച്ചെടുത്തു.
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട. ലഹരിമരുന്ന് കച്ചവടത്തിനും ഉപയോഗത്തിനുമെതിരെ ആഭ്യന്തര മന്ത്രാലയം നടത്തുന്ന ശക്തമായ നിരീക്ഷണങ്ങൾക്കും പരിശോധനകൾക്കുമായി ഒടുവിൽ ഒമ്പത് വ്യത്യസ്ത കേസുകളിലായാണ് 16 പേർ പിടിയിലായത്. കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
തൊഴിൽപരമായ രഹസ്യ വിവരങ്ങളുടെയും വിശദമായ അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നത്. പിടിച്ചെടുത്ത മയക്കുമരുന്നുകളും ലഹരി ഗുളികകളും വിൽപനയ്ക്കും വ്യക്തിഗത ഉപയോഗത്തിനുമായി സൂക്ഷിച്ചതാണെന്ന് അധികൃതർ വ്യക്തമാക്കി. 3 കിലോഗ്രാമും 35 ഗ്രാമും ക്രിസ്റ്റൽ മെത്താംഫെറ്റമിനും പിടികൂടി. 2,502 ക്യാപ്റ്റഗൺ ഗുളികകൾ, 15 ഗ്രാം ഹെറോയിൻ, 11 ഗ്രാം ഹാഷിഷ്, 2 ഗ്രാം മാരക രാസവസ്തുക്കൾ, ലഹരി ദ്രാവകം കലർത്തിയ 96 പേപ്പറുകളും കഷണങ്ങളും 81 സൈക്കോ ആക്റ്റീവ് ഗുളികകളും ക്യാപ്സൂളുകളും ലഹരി അളക്കാൻ ഉപയോഗിക്കുന്ന 3 ഡിജിറ്റൽ ന്യൂതന ത്രാസുകൾ, ലഹരി വിൽപനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 960 കുവൈത്തി ദിനാർ പണമായും പിടിച്ചെടുത്തു. പിടിയിലായ പ്രതികളെയും പിടിച്ചെടുത്ത മയക്കുമരുന്നുകളും തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.


