യുഎഇയും സൗദി അറേബ്യയും ഏകീകൃത ഡിജിറ്റല്‍ കറന്‍സി പ്രഖ്യാപിച്ചു

By Web TeamFirst Published Jan 30, 2019, 1:16 PM IST
Highlights

യുഎഇ കേന്ദ്ര ബാങ്കും സൗദി അറേബ്യന്‍ മോണിട്ടറി അതോരിറ്റിയും ചേര്‍ന്നാണ് 'അബീര്‍' എന്ന പേരില്‍ ഏകീകൃത ഡിജിറ്റല്‍ കറന്‍സി പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ സാങ്കേതിക ബുദ്ധിമുട്ടുകളോ പ്രശ്നങ്ങളോ ഉണ്ടാവുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് തീരുമാനം. 

അബുദാബി: യുഎഇയും സൗദി അറേബ്യയും ഏകീകൃത ഡിജിറ്റല്‍ കറന്‍സി പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സാമ്പത്തിക ഇടപാടുകള്‍ക്ക് ബ്ലോക് ചെയിന്‍ അടിസ്ഥാനമാക്കി കറന്‍സി ഉപയോഗിക്കാനാണ് തീരുമാനം. എന്നാല്‍ തുടക്കത്തില്‍ ചില ബാങ്കുകള്‍ക്ക് മാത്രമായിരിക്കും ഇത് ഉപയോഗിക്കാനാവുക.

യുഎഇ കേന്ദ്ര ബാങ്കും സൗദി അറേബ്യന്‍ മോണിട്ടറി അതോരിറ്റിയും ചേര്‍ന്നാണ് 'അബീര്‍' എന്ന പേരില്‍ ഏകീകൃത ഡിജിറ്റല്‍ കറന്‍സി പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ സാങ്കേതിക ബുദ്ധിമുട്ടുകളോ പ്രശ്നങ്ങളോ ഉണ്ടാവുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് തീരുമാനം. ഇതനുസരിച്ച് ഭാവി ഉപയോഗം സംബന്ധിച്ച തീരുമാനമെടുക്കും. എന്നാല്‍ ഡിജിറ്റല്‍ കറന്‍സി എന്നുമുതല്‍ ഉപയോഗിച്ചു തുടങ്ങുമെന്ന് ഇരു രാജ്യങ്ങളിലെയും കേന്ദ്ര ബാങ്കുകള്‍ അറിയിച്ചിട്ടില്ല.

സൗദിക്കും യുഎഇക്കും ഇടയിലുള്ള സാമ്പത്തിക ഇടപാടുകളുടെ ചിലവ് കുറയ്ക്കാനും ഈ രംഗത്ത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് വഴി നേരിടാന്‍ സാധ്യതയുള്ള ബുദ്ധിമുട്ടുകള്‍ മനസിലാക്കുകയുമാണ് ലക്ഷ്യമെന്ന് സംയുക്ത പ്രസ്താവനയില്‍ ഇരു രാജ്യങ്ങളും അറിയിച്ചിട്ടുണ്ട്.  ഡിജിറ്റല്‍ കറന്‍സിക്കായി രൂപീകരിച്ച എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

click me!