
അബുദാബി: യുഎഇയില്‍ (UAE) അഞ്ച് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ ഫൈസര്‍ ബയോ എന്‍ടെക് കൊവിഡ് വാക്സിന്‍ (Pfizer-BioNtech covid vaccine) ഉപയോഗിക്കാന്‍ അനുമതി. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് കുട്ടികളുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്. ഇതുവരെ നടത്തിയ ക്ലിനിക്കല്‍ പഠനങ്ങളുടെ ഫലങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്‍മിനിസ്‍ട്രേഷന്‍ അതോരിറ്റിയുടെ അനുമതിയും പ്രാദേശിക മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പരിശോധനകളുടെയും ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളിലെ ഉപയോഗത്തിന് അടിയന്തര അനുമതി നല്‍കുന്നതെന്ന് യുഎഇ ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഞ്ച് വയസ് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ വാക്സിന്‍ സുരക്ഷിതമാണെന്നും ശക്തമായ രോഗ പ്രതിരോധ ശേഷി പ്രദാനം ചെയ്യുന്നുണ്ടെന്നും പഠനങ്ങളില്‍ വ്യക്തമായതായി അധികൃതര്‍ പറഞ്ഞു. ഈ പ്രായത്തിലുള്ള കുട്ടികളെ രോഗത്തില്‍ നിന്ന് രക്ഷിക്കുന്നതില്‍ വാക്സിനുകളുടെ ഉപയോഗം ഒരു നിര്‍ണായക ചുവടുവെപ്പാണെന്നും അറിയിച്ചിട്ടുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‍നങ്ങളുള്ള മുതിര്‍ന്നവരില്‍ നേരത്തെ ഫൈസര്‍, സ്‍പുട്‍നിക് വാക്സിനുകള്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam