Latest Videos

മൂന്ന് മാസത്തിനിടെ 883 വെബ്‍സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ

By Web TeamFirst Published Oct 20, 2022, 8:59 AM IST
Highlights

യുഎഇയിലെ ടെലികമ്യൂണികേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്മെന്റ് റെഗുലേറ്ററി പോളിസിയിയുടെ (ടി.ഡി.ആര്‍.എ.) നിര്‍ദ്ദേശപ്രകാരമാണ് നിയമം ലംഘിക്കുന്ന സൈറ്റുകള്‍ നിരോധിക്കുന്നത്.

അബുദാബി: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ച 883 വെബ്‌സൈറ്റുകള്‍ക്ക് യു.എ.ഇയില്‍ നിരോധനം. അശ്ലീല ഉള്ളടക്കങ്ങള്‍ കൈകാര്യം ചെയ്യുക, സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുക, സാമ്പത്തിക തട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളാണ് നിരോധിച്ചതിലേറെയും. ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളിലായി നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ ശ്രദ്ധയില്‍പെട്ടത്. 

യുഎഇയിലെ ടെലികമ്യൂണികേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്മെന്റ് റെഗുലേറ്ററി പോളിസിയിയുടെ (ടി.ഡി.ആര്‍.എ.) നിര്‍ദ്ദേശപ്രകാരമാണ് നിയമം ലംഘിക്കുന്ന സൈറ്റുകള്‍ നിരോധിക്കുന്നത്. തീവ്രവാദം, ലഹരി ഉപയോഗം, സാമ്പത്തിക തട്ടിപ്പ്, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നവ, മതനിന്ദ തുടങ്ങിയ പതിനേഴോളം ഉള്ളടക്കങ്ങളുള്ള  വെബ്സൈറ്റുകള്‍ക്ക് യു.എ.ഇ.യില്‍ നേരത്തെതന്നെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഈ വര്‍ഷം നിരോധിച്ച 883 വെബ്‍സൈറ്റുകളില്‍ 377 എണ്ണവും അശ്ലീല ഉള്ളടക്കം നിറഞ്ഞവയായിരുന്നു. സൈബര്‍ തട്ടിപ്പുകള്‍ക്ക് ശ്രമിച്ച വെബ്‍സൈറ്റുകളും ബ്ലോക്ക് ചെയ്തവയില്‍ ഉള്‍പ്പെടുന്നു. പൊതു താത്പര്യത്തിനോ പൊതു മര്യാദകള്‍ക്കോ ക്രമസമാധാനത്തിനോ പൊതുജനങ്ങളുടെയും രാജ്യത്തിന്റെ സുരക്ഷയ്ക്കോ മതത്തിനോ വിരുദ്ധമാവുന്ന ഉള്ളടക്കങ്ങളാണ് ടെലികമ്യൂണികേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്മെന്റ് റെഗുലേറ്ററി പോളിസി പ്രകാരം നിയമവിരുദ്ധമായി മാറുന്നത്.

നിയമവരുദ്ധമായി പ്രവര്‍ത്തിക്കുന്ന വെബ്‍സൈറ്റുകളിലേക്കും നിയമവിരുദ്ധമായ ഉള്ളടക്കങ്ങളിലേക്കും പ്രവേശിക്കാന്‍ അനുവദിക്കുന്ന പ്രോക്സി സെര്‍വറുകള്‍, വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‍വര്‍ക്കുകള്‍ (വി.പി.എന്‍) എന്നിവയും നിയമവിരുദ്ധമാണ്. നഗ്നത, അശ്ലീല ദൃശ്യങ്ങള്‍, പെണ്‍വാണിഭം എന്നിവ പ്രോത്സാഹിപ്പിക്കല്‍, ആള്‍മാറാട്ടം, തട്ടിപ്പ് തുടങ്ങിയവ, മാനഹാനിയുണ്ടാക്കുന്നതും അപമാനിക്കുന്നതുമായ ഉള്ളടക്കങ്ങള്‍, സ്വകാര്യതാ ലംഘനം, യുഎഇയിലെ ക്രമസമാധാന വ്യവസ്ഥയ്ക്ക് എതിരായ കുറ്റകൃത്യങ്ങള്‍, കുറ്റകൃത്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയോ കുറ്റകൃത്യങ്ങള്‍ എങ്ങനെ ചെയ്യണമെന്ന അറിവ് നല്‍കുകയോ ചെയ്യുന്ന ഉള്ളടക്കങ്ങള്‍ തുടങ്ങിയവയെല്ലാം യുഎഇ നിയമ പ്രകാരം കുറ്റകരമാണ്. 

ഇതിന് പുറമെ ബൗദ്ധിക സ്വത്തവകാശത്തിലേക്കുള്ള കടന്നുകയറ്റം, വിവേചനം, മതത്തെ അപമാനിക്കല്‍, വൈറസുകള്‍ പോലുള്ള പ്രോഗ്രാമുകള്‍ തുടങ്ങിയവയും ടെലികമ്യൂണികേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്മെന്റ് റെഗുലേറ്ററി പോളിസി പ്രകാരം കുറ്റകരമാണ്.

Read also: ദുബൈയിലെ ഏറ്റവും വിലപിടിപ്പുള്ള ആഡംബര വസതി ഇനി മുകേഷ് അംബാനിക്ക് സ്വന്തം

click me!