സ്വദേശിവത്കരണത്തില്‍ പുതിയ നടപടികളുമായി യുഎഇ; കടുത്ത പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

Published : Jun 10, 2023, 10:15 PM IST
സ്വദേശിവത്കരണത്തില്‍ പുതിയ നടപടികളുമായി യുഎഇ; കടുത്ത പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

Synopsis

സ്വദേശിവത്കരണം കൂടുതല്‍ എളുപ്പത്തില്‍ സാധ്യമാക്കുന്നതിന് നാഫിസ് പ്ലാറ്റ്‍ഫോമില്‍ പുതിയ പരിഷ്‍കാരങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ഇതിലൂടെ സ്വകാര്യ കമ്പനികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കൂടുതല്‍‍ കൃത്യതയോടെ പോസ്റ്റ് ചെയ്യാനും യോഗ്യതയുള്ള സ്വദേശി തൊഴില്‍ അന്വേഷകര്‍ക്ക് അവ എളുപ്പത്തില്‍ മനസിലാക്കി തൊഴില്‍ നേടാനും സാധിക്കും. 

അബുദാബി: യുഎഇയില്‍ അര്‍ദ്ധവാര്‍ഷിക സ്വദേശിവത്കരണ നിരക്ക് പാലിക്കാനുള്ള സമയപരിധി ഈ മാസത്തോടെ അവസാനിക്കുകയാണ്. 50 ജീവനക്കാരില്‍ അധികം ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും വിദഗ്ധ തൊഴിലുകളില്‍ ഓരോ ആറ് മാസവും ഒരു ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് ചട്ടം. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇത്തരത്തില്‍ രണ്ട് ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിലായിട്ടുണ്ട്. ജൂണ്‍ അവസാനത്തോടെ ഇത് മൂന്ന് ശതമാനമായും ഈ വര്‍ഷം അവസാനിക്കുമ്പോള്‍ നാല് ശതമാനമായും ഉയരും. 2026ഓടെ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ 10 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. 

സ്വദേശിവത്കരണം കൂടുതല്‍ എളുപ്പത്തില്‍ സാധ്യമാക്കുന്നതിന് നാഫിസ് പ്ലാറ്റ്‍ഫോമില്‍ പുതിയ പരിഷ്‍കാരങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ഇതിലൂടെ സ്വകാര്യ കമ്പനികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കൂടുതല്‍‍ കൃത്യതയോടെ പോസ്റ്റ് ചെയ്യാനും യോഗ്യതയുള്ള സ്വദേശി തൊഴില്‍ അന്വേഷകര്‍ക്ക് അവ എളുപ്പത്തില്‍ മനസിലാക്കി തൊഴില്‍ നേടാനും സാധിക്കും. തൊഴില്‍ അന്വേഷകരായ സ്വദേശികള്‍ക്ക് തങ്ങളുടെ യോഗ്യതകളും കഴിവുകളും പ്രൊഫഷണല്‍ തൊഴില്‍ പരിചയവുമൊക്കെ പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്താനും ഏറ്റവും അനിയോജ്യമായ ജോലി കണ്ടെത്താനും സാധിക്കും. ഓരോ തസ്‍തികയിലും ലഭിക്കുന്ന ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ഇതില്‍ നിന്ന് മനസിലാക്കാനാവും. 

അതേസമയം സ്വദേശിവത്കരണത്തില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് വലിയ പിഴ ചുമത്തുമെന്ന മുന്നറിയിപ്പും മാനവവിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം നല്‍കിയിട്ടുണ്ട്. സ്വദേശിവത്കരണം നടപ്പിലാക്കേണ്ട സമയപരിധി അവസാനിച്ച് നിശ്ചിത ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ വീഴ്ച വരുത്തിയ കമ്പനികള്‍ക്ക് 42,000 ദിര്‍ഹം വരെ പിഴ ലഭിച്ചേക്കും. കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങള്‍ക്കും പിഴ ഉള്‍പ്പെടെ വലിയ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

Read also: യു.കെയിൽ ജോലി തേടുന്നവര്‍ക്കായി ടാലന്റ്‌ മൊബിലിറ്റി ഡ്രൈവ് വരുന്നു; ഇപ്പോൾ അപേക്ഷിക്കാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി