യുഎഇയിലെ ബേക്കറിയില്‍ പാചകം ചെയ്യുന്നതിനിടെ ഭക്ഷണത്തില്‍ തുപ്പിയ ജീവനക്കാരന്‍ അറസ്റ്റില്‍

By Web TeamFirst Published Apr 5, 2020, 10:07 AM IST
Highlights

അജ്മാനിലെ ബേക്കറിയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ അതില്‍ തുപ്പിയതിന് ഏഷ്യക്കാരനായ ജീവനക്കാരനെ അറസ്റ്റ് ചെയ്ത വിവരം അജ്മാന്‍ പൊലീസ് ജനറല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. അജ്മാന്‍ മുനിസിപ്പാലിറ്റിയുമായി ചേര്‍ന്നായിരുന്നു നടപടിയെന്ന് പൊലീസ് അറിയിച്ചു. 

അജ്‍മാന്‍: ബേക്കറിയില്‍ പാചകം ചെയ്യുന്നതിനിടെ ഭക്ഷണത്തില്‍ തുപ്പിയ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ബ്രഡ് ഉണ്ടാക്കുന്നതിനായി മാവ് കുഴയ്ക്കുന്നതിനിടെയായിരുന്നു ഇയാള്‍ തുപ്പിയത്. ബേക്കറിയിലെത്തിയ ഒരു ഉപഭോക്താവ് ഇത് വീഡിയോയില്‍ ചിത്രീകരിച്ച ശേഷം പരാതി നല്‍കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അജ്മാനിലെ ബേക്കറിയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ അതില്‍ തുപ്പിയതിന് ഏഷ്യക്കാരനായ ജീവനക്കാരനെ അറസ്റ്റ് ചെയ്ത വിവരം അജ്മാന്‍ പൊലീസ് ജനറല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. അജ്മാന്‍ മുനിസിപ്പാലിറ്റിയുമായി ചേര്‍ന്നായിരുന്നു നടപടിയെന്ന് പൊലീസ് അറിയിച്ചു. സംഭവം സംബന്ധിച്ച് മുനിസിപ്പാലിറ്റിയില്‍ നിന്ന് റിപ്പോര്‍ട്ട് കിട്ടിയ ഉടന്‍ പൊലീസ് സംഘം സ്ഥലത്തെത്തി ജീവനക്കാരനെ അറസ്റ്റ് ചെയ്തതായി അല്‍ ജര്‍ഫ് അല്‍ ശമീല്‍ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ലഫ്. കേണല്‍ മുഹമ്മദ് മുബാറക് അല്‍ ഗാഫ്‍ലി പറഞ്ഞു.

വൈകുന്നേരം ബേക്കറിയിലെത്തിയ ഒരു ഉപഭോക്താവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇയാള്‍ പിന്നീട് തെളിവ് സഹിതം മുനിസിപ്പാലിറ്റിയില്‍ പരാതി നല്‍കി.  അറസ്റ്റിലായ തൊഴിലാളിയെ മാനസിക രോഗ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പ്രോസിക്യൂഷന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം ആരോഗ്യ, ശുചിത്വ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ബേക്കറി, മുനിസിപ്പാലിറ്റി അധികൃതര്‍ പൂട്ടിച്ചു. പൊതുജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമായേക്കുന്ന എന്ത് കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാലും ഉടന്‍ അധികൃതരെ അറിയിക്കണമെന്ന് പൊലസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

click me!