യുഎഇയില്‍ നിന്നുള്ള എണ്ണക്കപ്പല്‍ കാണാതായി; ഇറാന്‍ പിടിച്ചെടുത്തെന്ന് അമേരിക്കയുടെ ആരോപണം

By Web TeamFirst Published Jul 17, 2019, 11:57 AM IST
Highlights

കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതാണെന്നാണ് അമേരിക്കന്‍ അധികൃതര്‍ സംശയിക്കുന്നത്. ദുബായിലെ ഒരു തുറമുഖത്തുനിന്ന് ജൂലൈ അഞ്ചിനാണ് കപ്പല്‍ യാത്ര തിരിച്ചത്. കപ്പലിന്റെ സ്ഥാനം തിരിച്ചറിയുന്നതിനുള്ള സിഗ്നലുകള്‍ നിലച്ചിട്ട് രണ്ട് ദിവസമായി. റാസല്‍ഖൈമക്ക് സമീപത്തുനിന്നാണ് അവസാന സിഗ്നലുകള്‍ ലഭിച്ചത്. 

അബുദാബി: യുഎഇയില്‍ നിന്ന് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍  കാണാതായെന്ന് റിപ്പോര്‍ട്ട്. ഷാര്‍ജയിലെ പെട്രോളിയം ട്രേഡിങ് കമ്പനി ചാര്‍ട്ടര്‍ ചെയ്തിരുന്ന റിയ എന്ന കപ്പലിനെക്കുറിച്ച് രണ്ട് ദിവസമായി വിവരങ്ങള്‍ ലഭിക്കുന്നില്ല. പനാമ പതാക വഹിക്കുന്ന കപ്പല്‍ യുഎഇയുടെ സമുദ്രാതിര്‍ത്തി പിന്നിട്ട് ഇറാന്റെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചതിന് ശേഷമാണ് ബന്ധം നഷ്ടമായത്.

കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതാണെന്നാണ് അമേരിക്കന്‍ അധികൃതര്‍ സംശയിക്കുന്നത്. ദുബായിലെ ഒരു തുറമുഖത്തുനിന്ന് ജൂലൈ അഞ്ചിനാണ് കപ്പല്‍ യാത്ര തിരിച്ചത്. കപ്പലിന്റെ സ്ഥാനം തിരിച്ചറിയുന്നതിനുള്ള സിഗ്നലുകള്‍ നിലച്ചിട്ട് രണ്ട് ദിവസമായി. റാസല്‍ഖൈമക്ക് സമീപത്തുനിന്നാണ് അവസാന സിഗ്നലുകള്‍ ലഭിച്ചത്. ഇവിടെ നിന്ന് സഞ്ചാരപാത മാറ്റുകയും ഇറാന്റെ സമുദ്രാതിര്‍ത്തിയില്‍ ഹോര്‍മുസ് കടലിടുക്കിന് സമീപത്തേക്ക് സഞ്ചരിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജൂലൈ 15ന് ഷാര്‍ജയിലേക്ക് മടങ്ങേണ്ടിയിരുന്നതാണ് കാണാതായ കപ്പല്‍.

അതേസമയം കാണാതായ എം.ടി റിയ എന്ന കപ്പല്‍ യുഎഇയുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ളതല്ലെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. കപ്പലില്‍ യുഎഇ പൗരന്മാരില്ല. അത്യാഹിത ഘട്ടത്തില്‍ പുറപ്പെടുവിക്കുന്ന അപായ സന്ദേശങ്ങളൊന്നും കപ്പലില്‍ നിന്ന് ലഭിച്ചിട്ടില്ല. തങ്ങളുടെ അന്താരാഷ്ട്ര പങ്കാളികള്‍ക്കൊപ്പം സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും യുഎഇ അറിയിച്ചു. സംഭവത്തില്‍ ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതായി തങ്ങള്‍ സംശയിക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. 

നേരത്തെ പ്രൈം ടാങ്കേഴ്സ് എല്‍എല്‍സി എന്ന കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന കപ്പല്‍ ദുബായിലെ മോജ് അല്‍ ബഹര്‍ എന്ന കമ്പനിക്ക് വിറ്റുവെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ തങ്ങള്‍ കപ്പല്‍ വാങ്ങിയിട്ടില്ലെന്നും ഇടപാടില്‍ ഇടനിലക്കാരായി നില്‍ക്കുക മാത്രമാണ് ചെയ്‍തതെന്നുമാണ് മോജ് അല്‍ ബഹര്‍ കമ്പനി ഉദ്യോഗസ്ഥര്‍ യുഎഇ മാധ്യമമായ ഖലീജ് ടൈംസിനോട് പറഞ്ഞത്. ഒരു ഇറാഖി കമ്പനിയുടെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ കപ്പലെന്നും ഷാര്‍ജ ഫ്രീ സോണില്‍ പ്രവര്‍ത്തിക്കുന്ന കെആര്‍ബി പെട്രോളിയം എന്ന കമ്പനി കപ്പലിനെ വാടകയ്ക്ക് എടുത്തതാണെന്നും അവര്‍ പറഞ്ഞു.

click me!