ജീവനക്കാരുടെ അമ്മമാര്‍ക്ക് പ്രതിമാസം സ്‌നേഹസമ്മാനം; കൊവിഡ് കാലത്തും കൈവിടാതെ യുഎഇയിലെ മലയാളി വ്യവസായി

By Web TeamFirst Published Jun 8, 2021, 2:55 PM IST
Highlights

സ്ഥാപനത്തിന്റെ മൂന്ന് ശാഖകളില്‍ ജോലി ചെയ്യുന്ന 22 ജീവനക്കാരുടെ അമ്മമാര്‍ക്ക് ഈ മാസം മുതല്‍ പദ്ധതിയിലൂടെ പണം ലഭിക്കും. 'കെയര്‍ ഫോര്‍ യുവര്‍ മം' എന്ന് പേരിട്ട പദ്ധതി വഴി എല്ലാ മാസവും 10-ാം തീയതി ജീവനക്കാരുടെ ശമ്പളത്തിനൊപ്പം അവരുടെ അമ്മമാര്‍ക്കുള്ള പണവും ഇനി മുതല്‍ അയച്ചു നല്‍കും.

ദുബൈ: കൊവിഡ് പ്രതിസന്ധിക്കിടെ് തന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ അമ്മമാര്‍ക്ക് കരുതലായി മലയാളി വ്യവസായി. ദുബൈയിലെ സ്മാര്‍ട് ട്രാവല്‍സ് എന്ന ട്രാവല്‍ ഏജന്‍സിയുടെ മാനേജിങ് ഡയറക്ടറും കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയുമായ അഫി അഹമദ് ആണ് പുതിയ തീരുമാനത്തിലൂടെ ജീവനക്കാര്‍ക്കും കുടുംബത്തിനും ആശ്വാസമേകുന്നത്. സ്ഥാപനത്തിലെ ജീവനക്കാരുടെ അമ്മമാര്‍ക്ക് പ്രതിമാസം 5,000 രൂപ(ഏകദേശം 250 ദിര്‍ഹം) വീതം സ്‌നേഹസമ്മാനമായി അയച്ചുകൊടുക്കാനാണ് ഈ മലയാളി വ്യവസായിയുടെ തീരുമാനം.

സ്ഥാപനത്തിന്റെ മൂന്ന് ശാഖകളില്‍ ജോലി ചെയ്യുന്ന 22 ജീവനക്കാരുടെ അമ്മമാര്‍ക്ക് ഈ മാസം മുതല്‍ പദ്ധതിയിലൂടെ പണം ലഭിക്കും. 'കെയര്‍ ഫോര്‍ യുവര്‍ മം' എന്ന് പേരിട്ട പദ്ധതി വഴി എല്ലാ മാസവും 10-ാം തീയതി ജീവനക്കാരുടെ ശമ്പളത്തിനൊപ്പം അവരുടെ അമ്മമാര്‍ക്കുള്ള പണവും ഇനി മുതല്‍ അയച്ചു നല്‍കും. കമ്പനിയുടെ വിഹിതത്തില്‍ നിന്നാണ് ഈ പണം കണ്ടെത്തുക. ഇതിനായി സ്മാര്‍ട് ട്രാവല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പണം കുറയ്ക്കില്ല. 

എല്ലാ മാസവും കൃത്യമായി അമ്മമാര്‍ക്ക് പണം അയയ്ക്കാന്‍ തന്റെ ജീവനക്കാരില്‍ എല്ലാവര്‍ക്കും കഴിയുന്നില്ലെന്ന് മനസ്സിലാക്കിയതാണ് അഫി അഹമദ് പുതിയ പദ്ധതിക്ക് തുടക്കിമിടാന്‍ കാരണമായത്. സാമ്പത്തിക ബുദ്ധിമുട്ടുകളും ജീവിത ചെലവുകളും മൂലമാണ് പല ജീവനക്കാര്‍ക്കും അമ്മമാര്‍ക്ക് പണം അയയ്ക്കാന്‍ കഴിയാത്തത്. 

ഈ പദ്ധതിയെക്കുറിച്ച് ജീവനക്കാരോട് പറഞ്ഞപ്പോള്‍ നിറകണ്ണുകളോടെയാണ് അവര്‍ അത് കേട്ടതെന്നും അമ്മ ജീവിച്ചിരിപ്പില്ലെങ്കില്‍ ആ പണം അച്ഛനോ ഏറ്റവും അടുത്ത ബന്ധുവിനോ അയച്ചു നല്‍കുമെന്നും അഫി അഹമദ് പറഞ്ഞു. തന്റെ സ്ഥാപനത്തില്‍ എല്ലാവരും ഒരു കുടുംബം പോലെയാണെന്നും ജീവനക്കാരുടെ അമ്മമാര്‍ അവരുടെ മൂത്ത മകനായി തന്നെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015ലാണ് അഫി സ്മാര്‍ട് ട്രാവല്‍സ് സ്ഥാപിച്ചത്.  

(ചിത്രം: അഫി അഹമദ് തന്‍റെ ജീവനക്കാരോടൊപ്പം)
 

click me!