യുഎഇ പൗരന്മാര്‍ക്ക് ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങളില്‍ ഓണ്‍ അറൈവല്‍ വിസ

By Web TeamFirst Published Nov 18, 2019, 4:00 PM IST
Highlights

ബിസിനസ്, ടൂറിസം, സമ്മേളനങ്ങള്‍, മെഡിക്കല്‍ ആവശ്യങ്ങള്‍ എന്നിവയ്ക്കായി 60 ദിവസം കാലാവധിയുള്ള വിസയാണ് വിമാനത്താവളങ്ങളില്‍ വെച്ച് അനുവദിക്കുന്നത്. ഇക്കാലയളവില്‍ രണ്ട് തവണ ഇവര്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കാം.

ദില്ലി: യുഎഇ പൗരന്മാര്‍ക്ക് ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങളില്‍ നിന്ന് ഓണ്‍ അറൈവല്‍ വിസ അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. തീരുമാനം നവംബര്‍ 16ന് പ്രബല്യത്തില്‍ വന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വാണിജ്യ ബന്ധങ്ങള്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം.

ബിസിനസ്, ടൂറിസം, സമ്മേളനങ്ങള്‍, മെഡിക്കല്‍ ആവശ്യങ്ങള്‍ എന്നിവയ്ക്കായി 60 ദിവസം കാലാവധിയുള്ള വിസയാണ് വിമാനത്താവളങ്ങളില്‍ വെച്ച് അനുവദിക്കുന്നത്. ഇക്കാലയളവില്‍ രണ്ട് തവണ ഇവര്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കാം. ബംഗളുരു, ചെന്നൈ, ദില്ലി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ വിമാനത്താവളങ്ങളിലാണ് ഓണ്‍ അറൈവല്‍ വിസ ലഭ്യമാകുന്നത്. എന്നാല്‍ നേരത്തെ ഒരു തവണയെങ്കിലും ഇന്ത്യയിലേക്ക് ഇലക്ട്രോണിക് വിസയോ സാധാരണ പേപ്പര്‍ വിസയോ ലഭിച്ചിട്ടുള്ളവര്‍ക്ക് മാത്രമായിരിക്കും വിസ ഓണ്‍ അറൈവല്‍ സൗകര്യം. അതുകൊണ്ടുതന്നെ ആദ്യമായി ഇന്ത്യയിലെത്തുന്ന യുഎഇ പൗരന്മാര്‍ ഇലക്ട്രോണിക് വിസയോ സാധാരണ പേപ്പര്‍ വിസയോ എടുക്കേണ്ടിവരും. പാകിസ്ഥാന്‍ വംശജരായ യുഎഇ പൗരന്മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ സൗകര്യം ലഭ്യമാവുകയില്ല. 

click me!