ജീവനക്കാർക്ക് കോളടിച്ചു, ക്രിസ്മസ് ആഘോഷമാക്കാൻ യുഎഇ സ്വകാര്യ മേഖലയിൽ അവധി

Published : Dec 22, 2025, 04:45 PM IST
employees

Synopsis

യുഎഇയിലെ നിരവധി സ്വകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർക്ക്  പ്രത്യേക അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വർഷം ഡിസംബർ 25 വ്യാഴാഴ്ചയും 26 വെള്ളിയാഴ്ചയും ആയതിനാൽ, ശനി, ഞായർ വാരാന്ത്യ അവധികൾ കൂടി ചേരുമ്പോൾ ജീവനക്കാർക്ക് തുടർച്ചയായ നാല് ദിവസം അവധി ലഭിക്കും.

ദുബൈ: ക്രിസ്മസ് എത്തിയതോടെ യുഎഇയിലെ നിരവധി സ്വകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർക്ക് ഡിസംബർ 25-നും ചിലയിടങ്ങളിൽ 26-നും പ്രത്യേക അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. യുഎഇയിലെ ഔദ്യോഗിക പൊതു അവധി പട്ടികയിൽ ക്രിസ്മസ് ഉൾപ്പെട്ടിട്ടില്ലെങ്കിലും, കമ്പനികൾ ആഭ്യന്തര നയം അനുസരിച്ചാണ് ഈ അവധി അനുവദിക്കുന്നത്. ആഗോള കലണ്ടറുകളുമായി പൊരുത്തപ്പെട്ടു പോകുന്നതിനും തിരക്കേറിയ യാത്രാ സീസണിൽ ജീവനക്കാർക്ക് കൂടുതൽ വിശ്രമം നൽകുന്നതിനും ആണ് കമ്പനികൾ മുൻഗണന നൽകുന്നത്.

ഈ വർഷം ഡിസംബർ 25 വ്യാഴാഴ്ചയും 26 വെള്ളിയാഴ്ചയും ആയതിനാൽ, ശനി, ഞായർ വാരാന്ത്യ അവധികൾ കൂടി ചേരുമ്പോൾ ജീവനക്കാർക്ക് തുടർച്ചയായ നാല് ദിവസം അവധി ലഭിക്കും. ഇത് വിദേശങ്ങളിൽ നിന്നുള്ള ജീവനക്കാർക്കും നാട്ടിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്കും വലിയ ആശ്വാസമാണ് നൽകുന്നത്. ക്രിസ്മസിന് നാട്ടിൽ പോകാൻ ഒരാഴ്ചത്തെ വാർഷിക അവധി എടുക്കാൻ പ്ലാൻ ചെയ്തിരുന്നവർക്ക് കമ്പനി വക രണ്ട് ദിവസം അവധി ലഭിക്കുന്നത് വലിയ ഗുണകരമാകും. ഫ്ലെക്സിബിൾ അവധി രീതികൾ ചില കമ്പനികൾ ക്രിസ്മസ് ദിനത്തിൽ ഔദ്യോഗിക അവധി നൽകുന്നതിനൊപ്പം തന്നെ ഈ മാസം 15-നും ജനുവരി 7നും ഇടയിൽ മറ്റൊരു ദിവസം കൂടി ജീവനക്കാർക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാൻ അവസരം നൽകുന്നുണ്ട്. ജോലിഭാരം കൂടി പരിഗണിച്ചുകൊണ്ട് ടീം മാനേജർമാരുടെ അനുമതിയോടെ ഈ അവധി ഉപയോഗിക്കാം.

കമ്പനികൾ നേരത്തെ തന്നെ കലണ്ടറിൽ ഈ ദിവസങ്ങൾ അവധിയായി രേഖപ്പെടുത്തുന്നത് കൊണ്ട്, ജീവനക്കാർക്ക് അവസാന നിമിഷം അവധിക്ക് അപേക്ഷിക്കേണ്ടി വരുന്നില്ല. യുഎഇയിൽ പൊതു-സ്വകാര്യ മേഖലകളിലെ ഔദ്യോഗിക അവധികൾ സർക്കാർ മുൻകൂട്ടി പ്രഖ്യാപിക്കാറുണ്ട്. ക്രിസ്മസ് ഒരു ഫെഡറൽ പൊതു അവധിയല്ലെങ്കിലും, ജീവനക്കാർക്ക് ഇത്തരം ഇളവുകൾ നൽകാൻ കമ്പനികൾക്ക് അനുവാദമുണ്ട്. ഈ അവധി ദിനങ്ങൾ ജീവനക്കാരുടെ വാർഷിക അവധി അക്കൗണ്ടിൽ നിന്ന് കുറയ്ക്കാറില്ല എന്നതും പ്രത്യേകതയാണ്. യുഎഇയിലെ മാറുന്ന തൊഴിൽ സാഹചര്യങ്ങളുടെയും വൈവിധ്യമാർന്ന സംസ്‌കാരങ്ങളെ ഉൾക്കൊള്ളുന്നതിന്റെയും ഭാഗമായാണ് ഇത്തരം മാറ്റങ്ങളെ വിദഗ്ധർ കാണുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നഗരം ഉത്സവ ലഹരിയിലേക്ക്, 'മസ്കറ്റ് നൈറ്റ്സ് 2026' ജനുവരി ഒന്ന് മുതൽ
തണുത്തുവിറച്ച് ഒമാൻ, രാജ്യത്ത് അതിശൈത്യം, താപനില പൂജ്യം ഡിഗ്രിക്കും താഴെയെത്തി