സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ഹൂതി ആക്രമണം; അപലപിച്ച് യുഎഇ

By Web TeamFirst Published Mar 26, 2021, 5:53 PM IST
Highlights

സുപ്രധാന സ്ഥാപനങ്ങളെ ലക്ഷ്യം വെക്കുന്നതും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഊര്‍ജ്ജ വിതരണത്തിനും ഭീഷണി ഉയര്‍ത്തുന്നതുമായ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

അബുദാബി: സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ഹൂതികള്‍ നടത്തുന്ന തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിനോടും നിയമങ്ങളോടുമുള്ള പ്രകടമായ അവഗണനയാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ പ്രശ്താവനയില്‍ അറിയിച്ചു.

സുപ്രധാന സ്ഥാപനങ്ങളെ ലക്ഷ്യം വെക്കുന്നതും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഊര്‍ജ്ജ വിതരണത്തിനും ഭീഷണി ഉയര്‍ത്തുന്നതുമായ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. അടുത്തിടെയുണ്ടായ ആക്രമണങ്ങള്‍, മേഖലയിലെ സുരക്ഷയും സ്ഥിരതയും നശിപ്പിക്കാനുള്ള ഹൂതികളുടെ ശ്രമത്തിന് തെളിവാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. സൗദി അറേബ്യയ്ക്ക് യുഎഇ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

സൗദി അറേബ്യയിലെ വിവിധ സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് വ്യാഴാഴ്‍ച രാത്രിയാണ് യെമനിലെ ഹൂതികള്‍ ആക്രമണം നടത്തിയത്. മിസൈല്‍ പതിച്ച് ജിസാനിലെ പെട്രോളിയം ടെര്‍മിനലിലെ ടാങ്കിന് തീപ്പിടിച്ചു. സംഭവത്തില്‍ ആളപമയോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്ന് സൗദി ഊര്‍ജ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്‍ച രാത്രി പ്രാദേശിക സമയം രാത്രി 9.08നാണ് ജിസാനില്‍ ആക്രമണമുണ്ടായത്. ഇതിന് പുറമെ  രാജ്യത്തെ വിവിധ സിവിലിയന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ എട്ട് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു. 

click me!