പ്രവാസികളെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കാത്ത രാജ്യങ്ങള്‍ക്കെതിരെ നടപടികളുമായി യുഎഇ

By Web TeamFirst Published Apr 12, 2020, 7:43 PM IST
Highlights

സ്വകാര്യ മേഖലയിലെ തൊഴിലാളികളില്‍ ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങുന്നവരെ തിരികെ കൊണ്ടുപോകണമെന്ന യുഎഇയുടെ അഭ്യര്‍ത്ഥനയോട് ചില രാജ്യങ്ങള്‍ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കുന്നതെന്ന് മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

അബുദാബി: സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെ കൊണ്ടുപോകാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളനൊരുങ്ങി യുഎഇ. നിലവില്‍ ഈ രാജ്യങ്ങളുമായി തൊഴില്‍ രംഗത്തുള്ള ധാരണാപത്രങ്ങള്‍ മരവിപ്പിക്കുക, ഭാവിയില്‍ ഇവിടങ്ങളില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയ നടപടികളാണ് യുഎഇ മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം പരിശോധിച്ചുവരുന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പ്രവാസികളെ മടങ്ങാന്‍ അനുവദിക്കാത്ത രാജ്യങ്ങളുമായി തൊഴില്‍ മേഖലയില്‍ ഇപ്പോഴുള്ള സഹകരണം പുനഃപരിശോധിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികളില്‍ ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങുന്നവരെ തിരികെ കൊണ്ടുപോകണമെന്ന യുഎഇയുടെ അഭ്യര്‍ത്ഥനയോട് ചില രാജ്യങ്ങള്‍ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കുന്നതെന്ന് മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

സഹകരിക്കാത്ത രാജ്യങ്ങളും യുഎഇ മാനവ വിഭവശേഷി മന്ത്രാലയവും തമ്മില്‍ നിലവിലുള്ള തൊഴില്‍ ധാരണാപത്രങ്ങള്‍ മരവിപ്പിക്കുക, ഇനിയുള്ള റിക്രൂട്ട്മെന്റുകളില്‍ ഈ രാജ്യങ്ങള്‍ക്കുള്ള ക്വാട്ടയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരിക തുടങ്ങിയ നടപടികളാണ് ആലോചിക്കുന്നത്. നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെ പോകാന്‍ അനുവദിക്കേണ്ടത് അതത് രാജ്യങ്ങളുടെ ബാധ്യതയാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മനുഷ്യത്വപരമായ സമീപനമാണ് യുഎഇ സ്വീകരിച്ചതെന്ന് അധികൃതര്‍ അവകാശപ്പെട്ടു. ഇതിന്റെ ഭാഗമായാണ് സ്വകാര്യ മേഖലയിലെ പ്രവാസികളില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരമൊരുക്കാന്‍ യുഎഇ തയ്യാറായത്. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.

യുഎഇയില്‍ നിന്ന് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളില്‍ കൊവിഡ് രോഗമില്ലാത്തവരെ തിരികെ എത്തിക്കാന്‍ എല്ലാ സഹായവും നല്‍കാമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യയിലെ യുഎഇ അംബാസഡര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇത് തത്കാലം സ്വീകരിക്കാനാവില്ലെന്നും പ്രവാസികളെ ഇപ്പോള്‍ മടക്കിക്കൊണ്ട് വരാനാവില്ലെന്നുമാണ് ഇന്ത്യ പ്രതികരിച്ചത്.

click me!