ചികിത്സാ പിഴവ് കാരണം ജീവന്‍ നഷ്ടമായ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് 44 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

By Web TeamFirst Published Oct 17, 2022, 10:42 AM IST
Highlights

കുട്ടിയുടെ മരണത്തിന് കാരണമായത് ചികിത്സയിലുണ്ടായ അനാസ്ഥയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ചികിത്സാ പിഴവ് കാരണം കുട്ടിയെ നഷ്ടമായതിലൂടെ തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് പകരമായി ഒന്നര കോടി ദിര്‍ഹം നഷ്ടപരിഹാരം തേടിയാണ് രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 

അല്‍ഐന്‍: യുഎഇയില്‍ ചികിത്സാ പിഴവ് കാരണം ജീവന്‍ നഷ്ടമായ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം (44 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. കേസില്‍ നേരത്തെ കീഴ്‍കോടതി പ്രസ്‍താവിച്ച വിധി, കഴിഞ്ഞ ദിവസം അല്‍ ഐന്‍ അപ്പീല്‍ കോടതി ശരിവെയ്ക്കുകയായിരുന്നു. കുട്ടിയെ ചികിത്സിച്ച രണ്ട് ഡോക്ടര്‍മാകും ആശുപത്രിയുമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

കുട്ടിയുടെ മരണത്തിന് കാരണമായത് ചികിത്സയിലുണ്ടായ അനാസ്ഥയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ചികിത്സാ പിഴവ് കാരണം കുട്ടിയെ നഷ്ടമായതിലൂടെ തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് പകരമായി ഒന്നര കോടി ദിര്‍ഹം നഷ്ടപരിഹാരം തേടിയാണ് രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. രണ്ട് ഡോക്ടര്‍മാരെയും ആശുപത്രിയെയും പ്രതിയാക്കിയായിരുന്നു കേസ്.

തങ്ങളുടെ മകന് ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമുണ്ടായെന്നും അതിന് അടിയന്തര ചികിത്സ നല്‍കേണ്ടത് ആവശ്യമായിരുന്നുവെന്നും രക്ഷിതാക്കള്‍ പരാതിയില്‍ ആരോപിച്ചു. എന്നാല്‍ ഡോക്ടര്‍മാരുടെ അലംഭാവവും ശ്രദ്ധയില്ലായ്‍മയും ശരിയായ മെഡിക്കല്‍ മാനദണ്ഡങ്ങള്‍ പ്രകാരം കൃത്യമായ ചികിത്സ നല്‍കുന്നതിലുള്ള വീഴ്ചയും കുട്ടിയുടെ മരണത്തില്‍ കലാശിച്ചുവെന്നാണ് പരാതി. എന്നാല്‍ രോഗത്തെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ രേഖകളില്‍ വെളിപ്പെടുത്തിയിട്ടില്ല. ആരോപണ വിധേയരായ ഡോക്ടര്‍മാരും ആശുപത്രി അധികൃതരും തങ്ങള്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന നിലപാടെടുത്തു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കോടതി ഒരു മെഡിക്കല്‍ കമ്മിറ്റിയെ നിയോഗിച്ചു. കുട്ടിയുടെ ചികിത്സാ കാര്യത്തില്‍ ഡോക്ടര്‍മാരില്‍ നിന്ന് പിഴവുണ്ടായതായി ഈ അന്വേഷണത്തില്‍ തെളിഞ്ഞു. ഇതേ തുടര്‍ന്ന് രണ്ട് ഡോക്ടര്‍മാരും ആശുപത്രിയും ചേര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് 90,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചു. എന്നാല്‍ വിധിക്കെതിരെ പരാതിക്കാരും ആരോപണ വിധേയരും അപ്പീല്‍ നല്‍കി.

കീഴ്‍കോടതി വിധി തന്നെ ശരിവെച്ച അപ്പീല്‍ കോടതി, മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് കിട്ടേണ്ട നഷ്ടപരിഹാരത്തുക രണ്ട് ലക്ഷം ദിര്‍ഹമാക്കി ഉയര്‍ത്തുകയും ചെയ്തു. ഇതിന് പുറമെ മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് നിയമനടപടികള്‍ക്കായി ചെലവായ തുകയും രണ്ട് ഡോക്ടര്‍മാരും ആശുപത്രി അധികൃതരും ചേര്‍ന്ന് നല്‍കണമെന്നും കോടതി വിധിച്ചു.

Read also: ഡിസ്‍നി വേൾഡ് മാതൃകയിൽ സൗദി അറേബ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ വിനോദ നഗരം ഒരുങ്ങുന്നു

click me!