
ലണ്ടന്‍: ഫുട്ബോള്‍ മത്സരത്തിനിടെ ഖത്തറിനെ പിന്തുണച്ചതിന്റെ പേരില്‍ ബ്രിട്ടീഷ് പൗരനെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത യുഎഇ നിഷേധിച്ചു. പൊലീസിന്റെ സമയം പാഴാക്കിയതിനും തെറ്റായ വിവരങ്ങള്‍ നല്‍കിയതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്ന് ബ്രിട്ടനിലെ യുഎഇ എംബസി അറിയിച്ചു.
എഎഫ്സി ക്ലബ് ടൂര്‍ണമെന്റില്‍ ജനുവരി 22ന് നടന്ന ഖത്തര്‍-ഇറാഖ് മത്സരം കാണാനെത്തിയ അലി ഇസ്സ അഹ്‍മദ് എന്ന 26കാരനെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ്-സുഡാനീസ് പൗരനായ ഇയാള്‍ ഖത്തറിന്റെ ജഴ്സിയണിഞ്ഞായിരുന്നു മത്സരം കാണാനെത്തിയതെന്നും ഖത്തിറിനെ പിന്തുണച്ചതിന്റെ പേരില്‍ ഇയാളെ മര്‍ദിച്ചുവെന്നും പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായും നിഷേധിച്ചുകൊണ്ടുള്ള വിശദീകരണമാണ് യുഎഇ അധികൃതര്‍ നല്‍കിയത്. ഖത്തറിന്റെ ജഴ്സി അണിഞ്ഞതിനോ ഖത്തറിനെ പിന്തുണച്ചതിനോ അല്ല അറസ്റ്റെന്ന് എംബസി അറിയിച്ചു.
ഖത്തറിനെ പിന്തുണച്ചതിന്റെ പേരില്‍ യുഎഇ ഫുട്ബോള്‍ ആരാധകര്‍ ആക്രമിച്ചുവെന്ന് ആരോപിച്ച് അലി ഇസ്സ അഹ്‍മദ് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നുവെന്നും ഇയാളെ പൊലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും യുഎഇ അറിയിച്ചു. എന്നാല്‍ ശരീരത്തിലുണ്ടായിരുന്ന പരിക്കുകള്‍ ഇയാള്‍ പറയുന്ന പോലൊരു ആക്രമണത്തില്‍ സംഭവിച്ചതല്ലെന്നും സ്വയം പരിക്കേല്‍പ്പിച്ചതാണെന്നും പൊലീസ് കണ്ടെത്തി. ഇയാള്‍ കുറ്റം സമ്മതിച്ചു. പൊലീസിന്റെ സമയം പാഴാക്കിയതിനും സത്യമല്ലാത്ത വിവരങ്ങള്‍ നല്‍കിയതിനുമാണ് കേസെടുത്തതെന്നാണ് യുഎഇയുടെ വിശദീകരണം.
സംഭവത്തില്‍ യുഎഇ അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്നും ഇയാള്‍ക്ക് സഹായം നല്‍കുന്നുണ്ടെന്നും ബ്രിട്ടീഷ് വിദേശകാര്യ വക്താവ് പറഞ്ഞു. എംബസിയെ എല്ലാ വിവരങ്ങളും അറിയിച്ചുവെന്നും നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും യുഎഇ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam