Flouting covid precautions : യുഎഇയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ മോശമായി ചിത്രീകരിക്കുന്നതിന് കടുത്ത ശിക്ഷ

By Web TeamFirst Published Jan 11, 2022, 10:46 AM IST
Highlights

യുഎഇയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളിലും മറ്റും നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്

അബുദാബി: യുഎഇയില്‍ (UAE) കൊവിഡ് വ്യാപനം തടയുന്നതിനായി അധികൃതര്‍ സ്വീകരിക്കുന്ന പ്രതിരോധ നടപടികളെക്കുറിച്ച് കിംവദന്തികളോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കരുതെന്ന് (rumours or false information) പ്രതിരോധ നടപടികള്‍ ലംഘിക്കരുതെന്നും ഫെഡറൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് പ്രോസിക്യൂഷൻ (Federal Emergency Crisis and Disasters Prosecution) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

 'അൽ ഹുസ്‌ൻ'  ആപ്ലിക്കേഷനിൽ നിന്നുള്ള ചില കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചിത്രങ്ങളായും വീഡിയോകളായും പ്രചരിപ്പിക്കുന്നതും അതിനൊപ്പം കമന്റുകളും പാട്ടുകളും ചേര്‍ത്ത് രാജ്യത്തെ കൊവിഡ് പ്രതിരോധ നടപടികളെ ഇകഴ്‍ത്തിക്കാണിക്കുന്നതും അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കൊവിഡ് പ്രതിരോധ നടപടികള്‍ ലംഘിക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. യുഎഇയിലെ നിയമപ്രകാരം ശിക്ഷാർഹമായ ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിട്ടുനിൽക്കണമെന്ന് പൊതുജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടു. സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ കിംവദന്തികളും തടയാനുള്ള യുഎഇയിലെ 2021ലെ ഫെഡറല്‍ നിയമം 34 പ്രകാരം ഇവ ശിക്ഷാര്‍ഹമാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

കോവിഡുമായി ബന്ധപ്പെട്ട ഏതെങ്കിലും വാർത്തകൾ പങ്കിടുമ്പോഴോ പ്രചരിപ്പിക്കുമ്പോഴോ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് പ്രോസിക്യൂഷന്റെ പ്രസ്‍താവന ആവശ്യപ്പെടുന്നു. സമൂഹത്തിലെ എല്ലാവരും മുൻകരുതൽ നടപടികൾ പാലിക്കുകയും കൊവിഡ് പ്രതിരോധത്തിനായി രാജ്യം നടത്തുന്ന എല്ലാ പ്രയത്‍നങ്ങളെയും പിന്തുണയ്‍ക്കണമെന്നും യുഎഇയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ച കുറിപ്പില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

click me!