
ദുബൈ: യുഎഇയില്‍ ടെലിഫോണ്‍ ബില്ലുകളുടെ പണമടയ്‍ക്കാന്‍ വൈകിയാല്‍ സേവനങ്ങള്‍ റദ്ദാക്കപ്പെടുന്നതിന് പുറമെ റീകണക്ഷന്‍ ചാര്‍ജും നല്‍കേണ്ടി വരും. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഇത്തിസാലാത്താണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെ ബില്ലടയ്‍ക്കാന്‍ വൈകുന്നത് ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്‍കോറിനെ ബാധിക്കുമെന്നും ഭാവിയില്‍ ബാങ്കുകളില്‍ നിന്നുള്ള വ്യക്തിഗത ധനകാര്യ സേവനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി.
എല്ലാ മാസവും ഒന്നാം തീയ്യതിയാണ് ഇത്തിസാലാത്ത് ഉപഭോക്താക്കള്‍ക്ക് ബില്ലുകള്‍ നല്‍കുന്നത്. ഇത് അടയ്‍ക്കാന്‍ 15 വരെ സമയപരിധിയുണ്ടാകും. ഈ സമയത്തിനകം ബില്ലുകള്‍ അടച്ചില്ലെങ്കില്‍ സേവനങ്ങള്‍ റദ്ദാക്കപ്പെടും. തുടര്‍ന്ന് ബില്‍ തുക പൂര്‍ണമായും അടച്ചാലും റീകണക്ഷന്‍ ചാര്‍ജ് കൂടി നല്‍കിയാലേ സേവനങ്ങള്‍ പുനഃസ്ഥാപിക്കപ്പെടുകയുള്ളൂ. നികുതി ഉള്‍പ്പെടെ 26.25 ദിര്‍ഹമാണ് ഇതിനായി ഈടാക്കുന്നത്. അല്‍ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോയില്‍ നല്ല സ്‍കോറുകള്‍ നിലനിര്‍ത്താനും ബില്ലുകള്‍ സമയത്ത് അടയ്‍ക്കേണ്ടത് ആവശ്യമാണ്. ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഓട്ടോ പേ സംവിധാനത്തിലൂടെ ബില്ലുകള്‍ യഥാസമയം അടയ്‍ക്കുന്നതാണ് നല്ലതെന്നും കമ്പനി അറിയിച്ചു.
അതേസമയം തങ്ങളുടെ ഉപഭോക്താക്കള്‍ ബില്‍ തുക 100 ദിവസത്തിനകം അടച്ച് തീര്‍ത്താല്‍ മറ്റ് ചാര്‍ജുകളൊന്നും ഇടാക്കില്ലെന്നാണ് യുഎഇയിലെ മറ്റൊരു ടെലികോം ഓപ്പറേറ്ററായ ഡു അറിയിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam