യുഎഇയിലെ പുതിയ വിസ നിയമം; സ്വാഗതം ചെയ്ത് പ്രവാസികള്‍

By Web TeamFirst Published Oct 24, 2018, 3:14 PM IST
Highlights

യുഎഇയിലെ പുതിയ വിസ പരിഷ്കരണ നടപടികള്‍ സ്വാഗതം ചെയ്ത് പ്രവാസികള്‍. വിനോദ സഞ്ചാരികള്‍ക്കും വിദേശികളായ സ്ത്രീകള്‍ക്കും ജോലി അന്വേഷിച്ച് മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കുമെല്ലാം സഹായകമായ പുതിയ പരിഷ്കാരങ്ങള്‍ ഞായറാഴ്ചയാണ് പ്രാബല്യത്തില്‍ വരുന്നത്.

ദുബായ്: യുഎഇയിലെ പുതിയ വിസ പരിഷ്കരണ നടപടികള്‍ സ്വാഗതം ചെയ്ത് പ്രവാസികള്‍. വിനോദ സഞ്ചാരികള്‍ക്കും വിദേശികളായ സ്ത്രീകള്‍ക്കും ജോലി അന്വേഷിച്ച് മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കുമെല്ലാം സഹായകമായ പുതിയ പരിഷ്കാരങ്ങള്‍ ഞായറാഴ്ചയാണ് പ്രാബല്യത്തില്‍ വരുന്നത്.

നേരത്തെ യുഎഇ ക്യാബിനറ്റ് അംഗീകരിച്ച പരിഷ്കാരങ്ങളാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് 21 മുതല്‍ പ്രബല്യത്തില്‍ വരുത്തിയിരിക്കുന്നത്. 

ജോലി തേടിയെത്തുന്നവര്‍ക്ക് അനുഗ്രഹം
വിസിറ്റിങ് / ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്ക് രാജ്യത്തിന് പുറത്ത് പോകാതെ തന്നെ രണ്ട് തവണ വിസ കാലാവധി ദീര്‍ഘിപ്പിക്കാനാവും. 30 ദിവസം വീതം രണ്ട് തവണകളായാണ് ഇത് ചെയ്യാനാവുന്നത്. തൊഴില്‍ തേടി രാജ്യത്തെത്തുന്ന വിദേശികള്‍ക്ക് അനുഗ്രഹമാകുന്ന തീരുമാനമാണിത്. വിസിറ്റ് വിസയ്‌ക്ക് മൂന്ന് മാസത്തെയും ടൂറിസ്റ്റ് വിസയ്‌ക്ക് ഒരു മാസത്തെയും കാലാവധിയാണുണ്ടാവുക. ഇത് പൂര്‍ത്തിയായാല്‍ നിലവിലുള്ള രീതി അനുസരിച്ച് ഇവര്‍ രാജ്യത്തിന് പുറത്തേക്ക് പോകണം. പിന്നീട് പുതിയ വിസയ്‌ക്ക് അപേക്ഷിച്ച് അത് അനുവദിച്ച് കിട്ടുന്നമുറയ്‌ക്ക് മാത്രമേ തിരികെ വരാനാകൂ.

രാജ്യത്തിനകത്ത് നിന്നുതന്നെ വിസ കാലാവധി ദീര്‍ഘിപ്പിക്കാന്‍ അവസരം ലഭിക്കുന്നതോടെ ജോലി അന്വേഷിച്ചെത്തുന്നവര്‍ക്ക് കൂടുതല്‍ സമയം ലഭിക്കും. ഇടയ്‌ക്ക് നാട്ടില്‍ പോയി മടങ്ങി വരുന്നതിനുള്ള വിമാന ടിക്കറ്റും മറ്റ് ചിലവുകളും ലാഭിക്കാനുമാകും. ആദ്യം വിസ എടുത്ത ട്രാവല്‍ ഏജന്റ് വഴി തന്നെയാണ് ഇങ്ങനെ കാലാവധി ദീര്‍ഘിപ്പിക്കേണ്ടത്. ഓരോ തവണയും 600 ദിര്‍ഹമാണ് ഫീസ്. ഇത്തരത്തില്‍ രണ്ട് തവണ കൂടി ദീര്‍ഘിപ്പിച്ച കാലാവധി (ആകെ 60 ദിവസം) പൂര്‍ത്തിയാവുന്നതോടെ രാജ്യത്തിന് പുറത്തുപോകണം

ഭര്‍ത്താവിനൊപ്പം യുഎഇയില്‍ താമസിക്കുന്ന സ്ത്രീകള്‍ വിവാഹമോചിതയായാല്‍ നാട്ടിലേക്ക് മടങ്ങേണ്ടതില്ല
വിവാഹമോചിതരായവര്‍ക്കും വിധവകളായവര്‍ക്കും ഭര്‍ത്താവിന്റെ സ്പോണ്‍സര്‍ഷിപ്പില്ലാതെ ഒരു വര്‍ഷത്തേക്ക് കൂടി വിസാ കാലാവധി ദീര്‍ഘിപ്പിച്ചുനല്‍കും. അവരുടെ മക്കള്‍ക്കും വിസ കാലാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാനാവും. നിലവില്‍ വിവാഹ മോചന നടപടികളുമായി മുന്നോട്ട് പോകുന്നവര്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ മാറ്റമെന്ന് നിയമവിദഗ്ദര്‍ പറയുന്നു. വിസ സ്പോണ്‍സര്‍ഷിപ്പ് അധികാരം ഭര്‍ത്താക്കന്മാര്‍ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങള്‍ ഇതോടെ കുറയുമെന്നാണ് പ്രതീക്ഷ.

വിസ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി ഭാര്യമാരെ ചൂഷണം ചെയ്യുകയും വിവാഹമോചന കേസുകള്‍ക്കിടെ ഭാര്യമാരെ ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങളുണ്ടെന്ന് നിയമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. വിവാഹമോചനം നേടുമ്പോള്‍ ഭര്‍ത്താവ് നല്‍കേണ്ടിവരുന്ന നഷ്ടപരിഹാരത്തുക കുറയ്ക്കാനോ അല്ലെങ്കില്‍ കുട്ടികളുടെ അവകാശം സംബന്ധിച്ച് ഭാര്യ തര്‍ക്കമുന്നയിക്കാതിരിക്കാനോ ഒക്കെയാണിത്. ഇത് മാറുന്നതോടെ വിവാഹമോചന ശേഷവും സ്വതന്ത്രയായി നില്‍ക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കും. ഇത് സ്ത്രീകള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നും അധികൃതര്‍ പ്രത്യാശിക്കുന്നു.

ഇതോടൊപ്പം ഭര്‍ത്താവിന്റെ മരണത്തോടെ ജീവിതം വഴിമുട്ടി പോകുന്ന അവസ്ഥയിലെത്തുന്നവര്‍ക്കും പുതിയ തീരുമാനം അനുഗ്രഹമാകും. രാജ്യത്ത് തന്നെ മറ്റ് തൊഴില്‍ അന്വേഷിക്കാനും ജീവിതത്തിലെ പുതിയ പരിതസ്ഥിതികളോട് പൊരുത്തപ്പെടാനും ഇത് സഹായിക്കും. സ്ത്രീകള്‍ക്കൊപ്പം മക്കള്‍ക്കും യുഎഇയില്‍ ഒരു വര്‍ഷം വരെ തുടരാനാവും.

ഇതിന് പുറമെ  പന്ത്രണ്ടാം ക്ലാസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ യൂണിവേഴ്സിറ്റി പഠന കാലം അവസാനിച്ചാലും രക്ഷിതാക്കള്‍ക്കൊപ്പം രണ്ട് വര്‍ഷം കൂടി യുഎഇയില്‍ തുടരാം. 

click me!