
ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന ശക്തമായ മഴയെയും കാറ്റിനെയും 'ചുഴലിക്കാറ്റ്' മൂലമെന്ന് വിശേഷിപ്പിക്കുന്നത് ശാസ്ത്രീയമായി തെറ്റാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് അസ്ഥിര കാലാവസ്ഥയുടെ അവസാന ഘട്ടം തുടരുന്നതിനിടെ സോഷ്യൽ മീഡിയയിൽ പടരുന്ന തെറ്റായ വാർത്തകൾക്ക് മറുപടിയായാണ് അധികൃതർ രംഗത്തെത്തിയത്.
ചുഴലിക്കാറ്റുകൾക്ക് വ്യക്തമായ സ്വഭാവസവിശേഷതകളുണ്ട്. വിശാലമായ ഭൂപ്രദേശങ്ങളിൽ അതിശക്തവും തുടർച്ചയായതുമായ കാറ്റ് വീശുന്നതാണ് അതിന്റെ രീതി. എന്നാൽ യുഎഇയിൽ ഇപ്പോൾ അനുഭവപ്പെടുന്നത് വടക്കുപടിഞ്ഞാറൻ ഭാഗത്തുനിന്നുള്ള ഒരു ന്യൂനമർദ്ദത്തിന്റെ ഫലമായുള്ള മാറ്റങ്ങൾ മാത്രമാണെന്ന് കാലാവസ്ഥാ വിദഗ്ധൻ ഡോ. അഹമ്മദ് ഹബീബിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാറ്റ് വീശുന്നത് ചിതറിയ രീതിയിലാണ്. ഇത് ഒരു ചുഴലിക്കാറ്റിന്റെ ലക്ഷണമേയല്ല. അന്തരീക്ഷത്തിലെ ഈർപ്പത്തിന്‍റെ അളവ് കൂടിയതും മേഘരൂപീകരണവുമാണ് കനത്ത മഴയ്ക്കും ഇടിമിന്നലിനും കാരണമാകുന്നത്. പടിഞ്ഞാറൻ മേഖലകളിൽ തുടങ്ങിയ മഴയുടെ അവസാന തരംഗം അബുദാബി, അൽ ദഫ്ര മേഖലകളിലേക്ക് നീങ്ങും. തുടർന്ന് വടക്കൻ എമിറേറ്റുകളിലും അൽ ഐൻ, കിഴക്കൻ മേഖലകളിലും മഴയെത്തും. ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്.
വരും ദിവസങ്ങളിൽ മേഘാവൃതമായ അന്തരീക്ഷം മാറുമെങ്കിലും വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. ഇത് താപനില കുറയാൻ കാരണമാകും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. പൊടിക്കാറ്റ് കാരണം കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam