
ദുബായ് : തൊഴിലാളികളുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കാൻ തൊഴിലുടമയ്ക്ക് അധികാരമില്ലെന്ന് യുഎഇ മാനവശേഷി, സ്വദേശിവൽകരണ മന്ത്രാലയം അറിയിച്ചു. തിരിച്ചറിയൽ രേഖയായ പാസ്പോർട്ട് സൂക്ഷിക്കേണ്ടത് അതത് വ്യക്തികൾ തന്നെയാണ് അല്ലാതെ തൊഴിലുടമയല്ല. നിയമം ലംഘിച്ച് ആരെങ്കിലും തൊഴിലാളിയുടെ പാസ്പോർട്ട് പിടിച്ചുവച്ചാൽ ആറു മാസം വരെ തടവോ 20,000 ദിർഹം പിഴയോ ആണ് ശിക്ഷ.
വിസ സ്റ്റാംപ് ചെയ്യാൻ വേണ്ടി മാത്രം പാസ്പോർട്ട് കമ്പനിക്ക് കൈമാറാം. പാസ്പോർട്ട് എമിഗ്രേഷനിൽ സമർപ്പിച്ച് വീസ സ്റ്റാംപ് ചെയ്ത ശേഷം അതാതു വ്യക്തികൾക്ക് തിരിച്ചുനൽകണം. പാസ്പോർട്ട് പിടിച്ചുവയ്ക്കുന്നത് നിർബന്ധിച്ച് തൊഴിൽ ചെയ്യിക്കുന്നതു പോലെയാണെന്ന് രാജ്യാന്തര തൊഴിൽ നിയമത്തില്‍ വിശദീകരിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
പാസ്പോർട്ട് പിടിച്ചുവയ്ക്കുന്നവർക്കെതിരെ കേസ് കൊടുക്കാൻ വ്യക്തിക്ക് അധികാരമുണ്ടെന്നും മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. വേഗത്തിൽ പരിഹരിക്കുന്നതിനായി അര്‍ജന്‍റ് കേസ് ഫയല്‍ചെയ്യാം. പാസ്പോർട്ട് തിരികെ നൽകാൻ ഉത്തരവിടുന്നതോടൊപ്പം കോടതി ചെലവും പാസ്പോർട്ട് പിടിച്ചുവച്ചയാളിൽനിന്നും ഈടാക്കും.
പൊലീസാണ് കമ്പനിയിൽനിന്ന് പാസ്പോർട്ട് വാങ്ങി നൽകുക. പാസ്പോർട്ട് പണയം വയ്ക്കലും നിയമവിരുദ്ധമാണ്. സാമ്പത്തിക ഇടപാടിന് ഈടായി പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും വാങ്ങിവയ്ക്കുന്ന പ്രവണതയും അതീവ കുറ്റകരമാണെന്നും നിയമവിദഗ്ധർ പറഞ്ഞു. അതേസമയം നിയമനടപടി നേരിടുന്നവരുടെ കേസ് പൂർത്തിയാകുന്നതുവരെ പാസ്പോർട്ട് തടഞ്ഞുവയ്ക്കാൻ കോടതിക്ക് അധികാരമുണ്ടായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam