
അബുദാബി: യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്. അബുദാബിയിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തുടർന്ന് താമസക്കാർക്ക് ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഹബ്ഷാൻ, ലിവ, അസബ്, ഹമ്മിം എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടങ്ങളിൽ പൊടിക്കാറ്റ് മൂലം തിരശ്ചീന ദൃശ്യപരത 2000 മീറ്ററിൽ കുറവായിരിക്കുമെന്ന് മുന്നറിയിപ്പിലുണ്ട്.
കൂടാതെ ഇന്ന് രാത്രി 8 മണിക്ക് ശേഷം തീരദേശ മേഖലകളിലും ചില ഉൾപ്രദേശങ്ങളിലും പൊടിക്കാറ്റ് ശക്തിയായി വീശിയടിക്കുമെന്നും അറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 45കിലോമീറ്റർ വേഗത്തിലായിരിക്കും കാറ്റ് വീശുന്നത്. ഇതോടെ വാഹനമോടിക്കുന്നവർക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ഇന്ന് മുതൽ രാജ്യത്ത് അനുഭവപ്പെടുന്ന താപനിലയിൽ കാര്യമായ മാറ്റം ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കിഴക്കൻ തീര മേഖലകളിൽ മേഘങ്ങൾ താഴ്ന്ന് കാണപ്പെടുമെന്ന് ഇതിനാൽ അന്തരീക്ഷ താപനിലയിൽ നേരിയ കുറവ് അനുഭവപ്പെടുമെന്നും കേന്ദ്രം അറിയിച്ചു. ഇന്ന് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനില 27 മുതൽ 32 ഡിഗ്രി സെൽഷ്യസിന് ഇടയിലായിരിക്കുമെന്നും കൂടിയ താപനില 37 മുതൽ 42 ഡിഗ്രി സെൽഷ്യസിന് ഇടയിലായിരിക്കുമെന്നും കേന്ദ്രം അറിയിച്ചു. പകൽ സമയങ്ങളിൽ കടൽ പ്രക്ഷുബ്ദമായിരിക്കുമെന്നും അറിയിപ്പിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam