യുഎഇയിലെ ശുചീകരണ യജ്ഞത്തെ പരിഹസിച്ച യുവാവിനെതിരെ നടപടി

By Web TeamFirst Published Mar 30, 2020, 7:49 PM IST
Highlights

ജനങ്ങളുടെ സുരക്ഷയും സ്വസ്ഥ ജീവിതവും ഉറപ്പാക്കുകയെന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തി അധികൃതര്‍ നടപ്പാക്കുന്ന ശുചീകരണ നടപടികളെ തടസപ്പെടുത്തുകയോ വിലകുറച്ച് കാണിക്കുകയോ ചെയ്യുന്ന ഒരു പ്രവൃത്തിയും അനുവദിക്കില്ലെന്ന് ഷാര്‍ജ പൊലീസ് തിങ്കളാഴ്ച വ്യക്തമാക്കി.

ഷാര്‍ജ: യുഎഇയില്‍ നടന്നുവരുന്ന ദേശീയ ശുചീകരണ യജ്ഞത്തെ പരിഹസിച്ച യുവാവ് അറസ്റ്റില്‍. ഷാര്‍ജ പൊലീസാണ് നടപടിയെടുത്തത്. ഷാര്‍ജയിലെ ചില പ്രദേശങ്ങളെ പേരെടുത്ത് പറഞ്ഞായിരുന്നു യുവാവിന്റെ പരിഹാസമെന്ന് പൊലീസ് പറഞ്ഞു. ഇവിടുത്തെ താമസക്കാരെയും ഈ പ്രദേശങ്ങളില്‍ നടന്നുവന്ന ശുചീകരണ പ്രവൃത്തികളെയും ഇയാള്‍ പരിഹസിച്ചു.

ജനങ്ങളുടെ സുരക്ഷയും സ്വസ്ഥ ജീവിതവും ഉറപ്പാക്കുകയെന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തി അധികൃതര്‍ നടപ്പാക്കുന്ന ശുചീകരണ നടപടികളെ തടസപ്പെടുത്തുകയോ വിലകുറച്ച് കാണിക്കുകയോ ചെയ്യുന്ന ഒരു പ്രവൃത്തിയും അനുവദിക്കില്ലെന്ന് ഷാര്‍ജ പൊലീസ് തിങ്കളാഴ്ച വ്യക്തമാക്കി. വാക്കുകള്‍ കൊണ്ടോ പ്രവൃത്തികൊണ്ടോ സമൂഹത്തിലെ ആരെയെങ്കിലും പരിഹസിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായി കേസ് പ്രോസിക്യൂഷന് കൈമാറുമെന്നും പൊലീസ് അറിയിച്ചു.

10 ദിവസത്തെ ദേശീയ ശുചീകരണ യജ്ഞമാണ് ഇപ്പോള്‍ യുഎഇയില്‍ നടന്നുവരുന്നത്. പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ സംവിധാനങ്ങളും റോഡുകളും പൊതുഗതാഗത സംവിധാനങ്ങളും മെട്രോ സര്‍വീസുമൊക്കെ അണുവിമുക്തമാക്കുകയാണ് യുഎഇ അധികൃതര്‍. കൊവിഡ് 19 വൈറസ് പരക്കുന്നത് നിയന്ത്രിക്കാനാണ് നടപടി. മാര്‍ച്ച് 26ന് തുടങ്ങി മൂന്ന് ദിവസത്തെ ശുചീകരണ യജ്ഞമാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് അത് ഏപ്രില്‍ അഞ്ച് വരെയായി ദീര്‍ഘിപ്പിക്കുകയായിരുന്നു.

click me!