43 വര്‍ഷത്തെ സര്‍വീസിനിടെ ഒരു ലീവ് പോലുമെടുക്കാത്ത ഉദ്യോഗസ്ഥനെ ആദരിച്ച് അധികൃതര്‍

By Web TeamFirst Published Oct 2, 2019, 11:28 AM IST
Highlights

43 വര്‍ഷത്തെ നീണ്ട സര്‍വീസിനിടെ ഒരു ലീവ് പോലുമെടുക്കാതെ റാസല്‍ ഖൈമ പൊലീസിലെ ഒരു ഉദ്യോഗസ്ഥന്‍. ജോലിയോടുള്ള പ്രതിബദ്ധതയ്ക്ക് അദ്ദേഹത്തെ ഉന്നത ഉദ്യോഗസ്ഥര്‍ അനുമോദിച്ചു.

റാസല്‍ഖൈമ: നാല് പതിറ്റാണ്ടിലേറെയുള്ള നീണ്ട സര്‍വീസിനിടെ ഒരിക്കല്‍ പോലും ലീവെടുക്കാത്ത ഉദ്യോഗസ്ഥനെ റാസല്‍ഖൈമ പൊലീസ് ആദരിച്ചു. പൊലീസിലെ നോണ്‍ കമ്മീഷന്‍ഡ് ഓഫീസറായ അബ്‍ദുല്‍ റഹ്‍മാന്‍ ഉബൈദ് അല്‍ തുനാജിയാണ് 43 വര്‍ഷത്തിനിടെ ഒരു ലീവ് പോലുമെടുക്കാത്തെ അധികൃതരുടെ പ്രശംസയേറ്റുവാങ്ങിയത്. ട്രാഫിക് ആന്റ് പട്രോള്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തെ റാസല്‍ഖൈമ പൊലീസ് ജനറല്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ അലി അബ്‍ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമിയുടെ നേതൃത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ആദരിച്ചു.

തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയുടെയും കൃത്യനിഷ്ഠയുടെയും കാര്യത്തില്‍ അബ്‍ദുല്‍ റഹ്‍മാന്‍ ഉബൈദ് അല്‍ തുനാജി എല്ലാവര്‍ക്കും മാതൃകയാണെന്ന് പൊലീസ് ജനറല്‍ കമാന്‍ഡര്‍ പറഞ്ഞു. പൊലീസിന് വലിയ നേട്ടങ്ങളാണ് അദ്ദേഹത്തിന്റെ പ്രതിബദ്ധത വഴി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അനുമോദനത്തിനും നല്ലവാക്കുകള്‍ക്കും നന്ദി പറഞ്ഞ അബ്‍ദുല്‍ റഹ്‍മാന്‍ ഉബൈദ് അല്‍ തുനാജി, താന്‍ തന്റെ ഡ്യൂട്ടി കൃത്യമായി നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പ്രതികരിച്ചത്.

click me!