മരുഭൂമിയില്‍ വാഹനം കുടുങ്ങി; മലയാളി കുടുംബത്തിന് രക്ഷകരായത് ഷാര്‍ജ പൊലീസ്

By Web TeamFirst Published Feb 9, 2019, 10:16 AM IST
Highlights

അധികം വൈകാതെ ഒരു പൊലീസ് വാഹനം ഓവര്‍ടേക്ക് ചെയ്തു. നിര്‍ത്താന്‍ ആവശ്യപ്പെട്ടതനുസരിച്ച് വാഹനം സൈഡിലേക്ക് മാറ്റി നിര്‍ത്തി. നാട്ടിലെ പൊലീസ് അനുഭവങ്ങള്‍ മനസില്‍ വെച്ച് ആശങ്കയോടെ ഇറങ്ങിച്ചെന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ അഭിവാദ്യം ചെയ്തു അടുത്തുവന്ന് ഹസ്തദാനം ചെയ്തു. 

ഷാര്‍ജ:  കുടുംബത്തിനൊപ്പമുള്ള ഉല്ലാസ യാത്രയ്ക്കിടെ വഴിയില്‍ കുടുങ്ങിയപ്പോഴെല്ലാം രക്ഷകരായെത്തിയ ഷാര്‍ജ പൊലീസിനെ നന്ദിയോടെ ഓര്‍ക്കുകയാണ് മലയാളി കുടുംബം. മണലില്‍ പുത‌ഞ്ഞ വാഹനത്തെ കെട്ടിവലിച്ച് പുറത്തെത്തിക്കാനും പിന്നീട് റോഡില്‍ ടയര്‍ മാറ്റിയിടാനും സഹായവുമായെത്തിയത് ഷാര്‍ജ പൊലീസിലെ ഉദ്യോഗസ്ഥരായിരുന്നു.

അല്‍ നഹ്‍ദയില്‍ താമസിക്കുന്ന  പട്ടാമ്പി സ്വദേശി ബിഷ്റുദ്ദീല്‍ ശര്‍ഖിയെയും കുടുംബവുമാണ് ബുധനാഴ്ച രാത്രി ഡെസര്‍ട്ട് ഡ്രൈവിനിടെ മരുഭൂമിയില്‍ കുടുങ്ങിയത്. മണലില്‍ കുടുങ്ങി ടയര്‍ മുന്നോട്ട് നീങ്ങാതായപ്പോള്‍ കല്ലുകള്‍ വെച്ചും മണല്‍ മാറ്റിയും പല വഴികളും നോക്കി. എല്ലാം പരാജയപ്പെട്ടതോടെ  ഭക്ഷണം കഴിച്ചും മറ്റും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനിടെ ക്വാഡ് ബൈക്കിലെത്തിയ ഒരു തൊഴിലാളിയും ഇവരെ സഹായിക്കാന്‍ ശ്രമിച്ചു. അതും വിജയിച്ചില്ല. അല്‍പനേരം കഴിഞ്ഞപ്പോള്‍ ഒരു ഫോര്‍ വീല്‍ വാഹനം അടുത്തുവന്ന് നിന്നു. അതില്‍ നിന്ന് യുഎഇ റെസ്ക്യൂ എന്ന് എഴുതിയ ജാക്കറ്റ് ധരിച്ചൊരു ഉദ്യോഗസ്ഥന്‍ പുറത്തിറങ്ങി കാര്യം അന്വേഷിച്ചു.

ടയറിലെ കാറ്റ് കുറച്ച ശേഷം വാഹനം ഓടിച്ചുകയറ്റാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ ഫോര്‍ വീല്‍ വാഹനത്തില്‍ കെട്ടിവലിച്ച് കാര്‍ പുറത്തെത്തിച്ചു. ടയറില്‍ കാറ്റ് കുറവായതിനാല്‍ റോഡിലൂടെ ഓടിക്കുന്നതിന്റെ റിസ്കും പറ‍ഞ്ഞുബോധ്യപ്പെടുത്തി. അടുത്തുള്ള പെട്രോള്‍ പമ്പിലേക്ക് വഴിയും പറഞ്ഞുതന്നശേഷം അവിടെ പോയി ടയറില്‍ കാറ്റ് നിറയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. റോഡിലൂടെ പോകുന്നത് അപകടകരമായതിനാല്‍ മരുഭൂമിയിലൂടെയുള്ള മറ്റൊരു വഴിയാണ് അദ്ദേഹം പറഞ്ഞുകൊടുത്തത്. ഒരു പുഞ്ചിരികൂടി സമ്മാനിച്ച് ഉദ്യോഗസ്ഥന്‍ മടങ്ങി.

ബിഷ്റുദ്ദീനും കുടുംബവും വാഹനവുമായി പറ‍ഞ്ഞ സ്ഥലത്തേക്ക് പോയെങ്കിലും പെട്രോള്‍ പമ്പ് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ഷാര്‍ജ - മലീഹ റോഡിലൂടെ വേഗത കുറച്ച് ഓടിക്കേണ്ടിവന്നു. അതിവേഗത്തില്‍ പിന്നില്‍ നിന്നുവരുന്ന വാഹനങ്ങളുള്ളതിനാല്‍ പതുക്കെ ഓടിക്കുന്നത് അപകടകരമാണെന്ന് മനസിലായി. അധികം വൈകാതെ ഒരു പൊലീസ് വാഹനം ഓവര്‍ടേക്ക് ചെയ്തു. നിര്‍ത്താന്‍ ആവശ്യപ്പെട്ടതനുസരിച്ച് വാഹനം സൈഡിലേക്ക് മാറ്റി നിര്‍ത്തി. നാട്ടിലെ പൊലീസ് അനുഭവങ്ങള്‍ മനസില്‍ വെച്ച് ആശങ്കയോടെ ഇറങ്ങിച്ചെന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ അഭിവാദ്യം ചെയ്തു അടുത്തുവന്ന് ഹസ്തദാനം ചെയ്തു. വാഹനം പതുക്കെയാണ് പോകുന്നതെന്നും പിറകിലെ ടയറിലെ കാറ്റില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സ്‍പെയര്‍ ടയറുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അത് മാറ്റിയിടാന്‍ അറിയുമോ എന്നായി. ഞാന്‍ സഹായത്തിന് ആരെയെങ്കിലും വിളിക്കാമെന്ന് പറഞ്ഞപ്പോള്‍ വിഷമിക്കേണ്ട, ഞാന്‍ സഹായിക്കാമെന്ന് പൊലീസുകാരന്‍. ഉദ്യോഗസ്ഥന്‍ ഒരു മെക്കാനിക്കിനെ പോലെ ജോലി ചെയ്യുന്നത് കണ്ട് തനിക്ക് ചമ്മല്‍ തോന്നിയെന്ന് ബിഷ്റുദ്ദീന്‍ പറയുന്നു. ടൂള്‍സ് എടുത്ത് കൊടുക്കുന്ന ജോലി മാത്രമായിരുന്നു തനിക്കുണ്ടായിരുന്നത്. വാഹനത്തിനടിയിലേണ്ട് നൂണ്ട് കയറിയും നട്ടുകള്‍ അഴിച്ചും പുതിയ ടയര്‍ ഉരുട്ടിക്കൊണ്ടുവന്ന് ഘടിപ്പിച്ചതുമെല്ലാം അദ്ദേഹം ഒറ്റയ്ക്ക് തന്നെ. ടൂളുകളെല്ലാം പാക് ചെയ്ത് തരികയും ചെയ്തു.

ടയര്‍ മാറ്റി വാഹനത്തില്‍ കയറുന്നതിന് മുന്‍പ് മകനെ താലോലിക്കാനും ഇന്ത്യക്കാരനായതിനാല്‍ തന്നോട് രണ്ട് ഹിന്ദി വാക്കുകള്‍ പറയാനും ഉദ്യോഗസ്ഥന്‍ മടികാണിച്ചില്ലെന്ന് ബിഷ്റുദ്ദീന്‍ പറയുന്നു.

കടപ്പാട്: ഖലീജ് ടൈംസ്

click me!