
ദോഹ: ഇറാൻ - ഇസ്രായേൽ വെടിനിർത്തലിനെ തുടർന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുമായി ചർച്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്. കൂടിക്കാഴ്ചയുടെ ഭാഗമായി യുഎഇ പ്രസിഡന്റ് ദോഹയിലെത്തിയിരുന്നു. യുഎഇ - ഖത്തർ രാജ്യങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും ഇരു രാജ്യങ്ങളുടെയും അവിടുത്തെ ജനങ്ങളുടെയും ക്ഷേമത്തിനായി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഇരു നേതാക്കന്മാരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
മിഡിൽ ഈസ്റ്റിൽ ഉണ്ടായ ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ചും മേഖലയിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ സംബന്ധിച്ചും ഇരു രാജ്യങ്ങളിലെയും നേതാക്കന്മാർ ചർച്ച ചെയ്തു. ഇറാനും ഇസ്രായേലും വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിനെ തുടർന്നുള്ള മിഡിൽഈസ്റ്റിലെ സ്ഥിതിഗതികൾക്ക് മുൻഗണന നൽകിക്കൊണ്ട് പ്രാദേശിക, അന്താരാഷ്ട്ര സംഭവ വികാസങ്ങളിൽ ഇരു രാജ്യങ്ങളും അഭിപ്രായങ്ങൾ പങ്കുവെച്ചു. ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ കരാർ സാധ്യമാക്കുന്നതിലുള്ള ഖത്തർ അമീറിന്റെ ശ്രമങ്ങളെ യുഎഇ പ്രസിഡന്റ് അഭിനന്ദിച്ചു. അൽ ഉദൈദ് ആക്രമണത്തിൽ യുഎഇയുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും ഖത്തറിനും അവിടുത്തെ ജനങ്ങൾക്കും ഒപ്പമുണ്ടെന്ന് ശൈഖ് മുഹമ്മദ് എടുത്തുപറഞ്ഞു. ഖത്തരി ജനതയോടുള്ള ആത്മാർത്ഥമായ സ്നേഹത്തിന് ഖത്തർ അമീർ ശൈഖ് മുഹമ്മദിനോട് നന്ദി അറിയിച്ചു.
സഹോദര്യ സന്ദർശനത്തിനെത്തിയ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദിനെയും അനുഗമിച്ചെത്തിയ മറ്റ് നേതാക്കളെയും ഖത്തർ അമീർ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ, പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹനൂൻ അൽ നഹ്യാൻ എന്നിവരും നിരവധി മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും യുഎഇ പ്രസിഡന്റിനോടൊപ്പമുള്ള പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ