
ബെർലിൻ: യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിൽ എത്തിച്ചേർന്നു. തലസ്ഥാനമായ ബെർലിനിൽ വിമാനമിറങ്ങിയ അദ്ദേഹത്തിന് നയതന്ത്രപരമായ ഊഷ്മള സ്വീകരണമാണ് ജർമ്മൻ ഭരണകൂടം ഒരുക്കിയത്.
യുഎഇ പ്രസിഡന്റിന്റെ വിമാനം ജർമ്മൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച ഉടൻ തന്നെ ആദരസൂചകമായി ജർമ്മൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അകമ്പടി സേവിച്ചു. തുടർന്ന് നടന്ന ഔദ്യോഗിക സ്വീകരണച്ചടങ്ങിൽ 21 ഗൺ സല്യൂട്ടും സൈനികരുടെ ഗാർഡ് ഓഫ് ഓണറും നൽകിയാണ് യുഎഇ ഭരണാധികാരിയെ സ്വീകരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനും സാമ്പത്തിക, നയതന്ത്ര, വ്യാവസായിക മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനുമാണ് സന്ദർശനം.
യുഎഇ പ്രസിഡന്റിനൊപ്പം പ്രമുഖ ഭരണാധികാരികളും മന്ത്രിമാരും അടങ്ങുന്ന ഉന്നതതല സംഘവും ജർമ്മനിയിലെത്തിയിട്ടുണ്ട്. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്‌യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്‌പെഷ്യൽ അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ, യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്‌നൂൻ അൽ നഹ്‌യാൻ എന്നിവരും ജർമ്മനിയിലെത്തി.
ഫെഡറൽ നാഷണൽ കൗൺസിൽ സ്പീക്കർ സഖർ ഘോബാഷ്, സുപ്രീം കൗൺസിൽ ഫോർ നാഷണൽ സെക്യൂരിറ്റി സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മദ് അൽ ശംസി, വ്യവസായ-അത്യാധുനിക സാങ്കേതികവിദ്യാ മന്ത്രി ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ, വിദേശ വ്യാപാര കാര്യ സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയൂദി, പ്രതിരോധ കാര്യ സഹമന്ത്രി മുഹമ്മദ് ബിൻ മുബാറക് അൽ മസ്രൂയി, സഹമന്ത്രിമാരായ നൂറ ബിൻത് മുഹമ്മദ് അൽ കാബി, ലാന സാക്കി നുസൈബേ, ജർമ്മനിയിലെ യുഎഇ അംബാസഡർ അഹമ്മദ് അൽ അത്താർ എന്നിവരുൾപ്പെടുന്ന സംഘമാണ് സന്ദർശനത്തിൽ ഒപ്പമുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam