കുവൈത്തിലെ സ്കൂളുകളിൽ കർശന നിയന്ത്രണങ്ങൾ; സംഭാവനകളും സമ്മാനങ്ങളും വിലക്കി, അനുമതിയില്ലാതെ വിദ്യാർഥികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുത്

Published : Sep 10, 2026, 03:31 PM IST
school children

Synopsis

കുവൈത്തിലെ സ്കൂളുകളിൽ സുരക്ഷിതമായ വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സാമ്പത്തിക ഇടപാടുകൾ, വിദ്യാർഥികളുടെ സ്വകാര്യത, സോഷ്യൽ മീഡിയ ഉപയോഗം, കാന്റീൻ പ്രവർത്തനം എന്നിവയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളുകളിൽ സുരക്ഷിതവും അച്ചടക്കമുള്ളതുമായ വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം പുതിയ കർശന മാർഗനിർദേശങ്ങൾ പുറത്തിറക്കി. സ്കൂളുകളിലെ ജീവനക്കാരുടെ പെരുമാറ്റം, സാമ്പത്തിക ഇടപാടുകൾ, സോഷ്യൽ മീഡിയ ഉപയോഗം, വിദ്യാർഥികളുടെ സ്വകാര്യത, സ്കൂൾ കാന്റീനുകൾ എന്നിവ ഉൾപ്പെടെ നിരവധി മേഖലകളിലാണ് പുതിയ നിയന്ത്രണങ്ങൾ.

പുതിയ സർക്കുലർ പ്രകാരം അധ്യാപകരിൽ നിന്നോ ജീവനക്കാരിൽ നിന്നോ വിദ്യാർഥികളിൽ നിന്നോ രക്ഷിതാക്കളിൽ നിന്നോ പണമോ സമ്മാനങ്ങളോ സംഭാവനകളോ ശേഖരിക്കുന്നതിനും സ്വീകരിക്കുന്നതിനും വിലക്കുണ്ട്. സ്കൂളുകളിൽ സാധനങ്ങളോ സേവനങ്ങളോ വിൽക്കുക, പരസ്യം ചെയ്യുക, ഔദ്യോഗിക പദവിയോ സ്കൂൾ സൗകര്യങ്ങളോ വ്യക്തിപരമായ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കുക എന്നിവയും നിരോധിച്ചിട്ടുണ്ട്.

വിദ്യാർഥികളുടെ സ്വകാര്യതയ്ക്കും പ്രത്യേക സംരക്ഷണം ഏർപ്പെടുത്തി. മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ വിദ്യാർഥികളുടെ ചിത്രങ്ങളോ വീഡിയോകളോ എടുക്കുകയോ പ്രസിദ്ധീകരിക്കുകയോ വ്യക്തിഗത വിവരങ്ങൾ പുറത്തുവിടുകയോ ചെയ്യരുത്. വിദ്യാർഥികളുടെ ചിത്രങ്ങൾ ജീവനക്കാരുടെ സ്വകാര്യ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലോ ഗ്രൂപ്പുകളിലോ പ്രചരിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. വിദ്യാർഥികൾ, രക്ഷിതാക്കൾ, ജീവനക്കാർ എന്നിവരുമായി ബന്ധപ്പെട്ട രഹസ്യ രേഖകളും വിവരങ്ങളും പുറത്തുവിടുന്നതും നിരോധിച്ചു.

സ്കൂളിനകത്ത് ഫോട്ടോഗ്രഫി നടത്തുന്നതിനും പുറത്തുനിന്നുള്ള വ്യക്തികളെയോ സ്ഥാപനങ്ങളെയോ ഉൾപ്പെടുത്തി പരിപാടികൾ, ആഘോഷങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിനും മുൻകൂർ ഔദ്യോഗിക അനുമതി നിർബന്ധമാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയോ സ്കൂളിന്റെയോ പേരും ലോഗോയും അനുമതിയില്ലാതെ പരസ്യങ്ങൾക്കും സ്പോൺസർഷിപ്പുകൾക്കും ഉപയോഗിക്കാനും പാടില്ല.

സ്കൂൾ കാന്റീനുകളിലും പരിശോധന കർശനമാക്കും. അംഗീകാരമില്ലാത്ത ഉറവിടങ്ങളിൽ നിന്നുള്ള ഭക്ഷണപാനീയങ്ങൾ വിൽക്കുകയോ വിതരണം ചെയ്യുകയോ സ്കൂളിലേക്ക് കൊണ്ടുവരികയോ ചെയ്യരുത്. ഭക്ഷണത്തിന്‍റെ ഉറവിടം, സുരക്ഷ, സംഭരണം എന്നിവ ദിവസേന പരിശോധിച്ച് രേഖപ്പെടുത്താനും സ്കൂൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ക്ലാസ് സമയത്ത് പഠനവുമായി ബന്ധമില്ലാത്ത ആവശ്യങ്ങൾക്ക് അധ്യാപകർ മൊബൈൽ ഫോണോ സ്മാർട്ട് ഉപകരണങ്ങളോ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ അന്വേഷണം ഉൾപ്പെടെയുള്ള അച്ചടക്ക-നിയമ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവാസികൾക്ക് സന്തോഷ വാർത്ത; കുറഞ്ഞ ചെലവിൽ പറക്കാം, ഒരു ഇടവേളയ്ക്ക് ശേഷം വിസ് എയർ യുഎഇയിലേക്ക് തിരിച്ചെത്തുന്നു
യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും