
റിയാദ്: വിദേശ കറൻസി കരുതൽ ശേഖരത്തിൽ സൗദി അറേബ്യയ്ക്ക് വൻ കുതിപ്പ്. സൗദി സെൻട്രൽ ബാങ്ക് (സാമ) പുറത്തുവിട്ട ഏറ്റവും പുതിയ സാമ്പത്തിക വിവരങ്ങൾ പ്രകാരം രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം 1.733 ട്രില്യൺ സൗദി റിയാലായി ഉയർന്നതായാണ് റിപ്പോർട്ട്. മുൻ വർഷം ഓഗസ്റ്റിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 7.2 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, രാജ്യത്തിന്റെ ഔദ്യോഗിക കരുതൽ ശേഖരം വർഷാന്ത വളർച്ചയിൽ 6.7 ശതമാനം വർധിച്ച് 1.827 ട്രില്യൺ റിയാലിൽ (487.31 ബില്യൺ ഡോളർ) എത്തി. സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിൽ സൗദി ബാങ്കിംഗ് മേഖലയും സെൻട്രൽ ബാങ്കും മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്ന് അന്താരാഷ്ട്ര നാണയ നിധി വ്യക്തമാക്കി. ഓഗസ്റ്റിലെ ആകെ ഔദ്യോഗിക കരുതൽ ശേഖരത്തിൽ മുൻ മാസത്തെ അപേക്ഷിച്ച് 0.27 ശതമാനത്തിന്റെ നേരിയ കുറവുണ്ടായിട്ടുണ്ട്. ജൂലൈയിൽ കരുതൽ ശേഖരം 1.832 ട്രില്യൺ റിയാലായിരുന്നു. ഐഎംഎഫിലെ സൗദിയുടെ എസ് ഡി ആർ മൂല്യം ഓഗസ്റ്റിൽ 79.37 ബില്യൺ റിയാലിലെത്തി.
അന്താരാഷ്ട്ര നാണയ നിധിയിലെ റിസർവ് അക്കൗണ്ട് മൂല്യം 1.4 ശതമാനം വർധിച്ച് 13.34 ബില്യൺ റിയാലായി (3.56 ബില്യൺ ഡോളർ) ഉയർന്നു. കറൻസി കരുതൽ ശേഖരത്തിലെ സ്വർണത്തിന്റെ മൂല്യം മാറ്റമില്ലാതെ 1.624 ബില്യൺ റിയാലിൽ (433.07 മില്യൺ ഡോളർ) സുരക്ഷിതമായി തുടരുന്നു. കഴിഞ്ഞ ജൂലൈയിൽ ഐഎംഎഫ് പുറത്തുവിട്ട റിപ്പോർട്ടിൽ സൗദിയുടെ ബാങ്കിംഗ് മേഖലയെയും സാമ്പത്തിക നയങ്ങളെയും പ്രശംസിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam